ജറുസലേം: കഴിഞ്ഞ ഡിസംബറോടെ ഇസ്രായേലിൽ ഏകദേശം 1,84,200 ക്രൈസ്തവ പൗരന്മാർ ഉള്ളതായി ഇസ്രായേൽ ഗവൺമെന്റ് സ്റ്റാറ്റിസ്റ്റിക്കൽ വിദഗ്ധർ അറിയിച്ചു. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 1.9 ശതമാനമാണ്.
മുൻവർഷത്തേക്കാൾ 0.7 ശതമാനം വർധനവാണ് ക്രൈസ്തവ ജനസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്മസിനോടനുബന്ധിച്ച് ഇസ്രായേൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ക്രൈസ്തവ വിശ്വാസികളുടെ എണ്ണം തുടർച്ചയായി ഉയരുന്നതായി വ്യക്തമാക്കിയത്. ഇസ്രായേലിൽ ജോലി ചെയ്യുന്ന ഇസ്രായേൽ പൗരന്മാരല്ലാത്ത വിദേശ തൊഴിലാളികളെയോ പാലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള ക്രൈസ്തവരെയോ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
2024 ഡിസംബർ 31-ലെ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം, ഇസ്രായേലിലെ ക്രൈസ്തവരിൽ 78.7 ശതമാനവും അറബ് -പാലസ്തീൻ ക്രൈസ്തവരാണ്. രാജ്യത്ത് ക്രൈസ്തവരുടെ ഉയർന്ന സാന്ദ്രതയുള്ള നാല് നഗരങ്ങളായി നസ്രത്ത് (18,900), ഹൈഫ (18,800), ജറുസലേം (13,400), നോഫ് ഹഗലിൽ (10,800) എന്നിവയെ കണക്കുകൾ വ്യക്തമാക്കുന്നു.
2024-ൽ ഇസ്രായേലിൽ 2,134 ക്രൈസ്തവ കുട്ടികൾ ജനിച്ചു. 2024–25 അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ 26,240 ക്രൈസ്തവ വിദ്യാർത്ഥികൾ ചേർന്ന് പഠിച്ചു. ഇത് മൊത്തം വിദ്യാർത്ഥികളുടെ 1.3 ശതമാനമാണ്. 15 വയസിന് മുകളിലുള്ള ക്രൈസ്തവ പൗരന്മാരിൽ 67.7 ശതമാനം പേർ തൊഴിൽ മേഖലയിൽ സജീവമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Comments are closed.