ദുരിതാശ്വാസ സാമഗ്രികൾ റഫ അതിർത്തിയിൽ കുടുങ്ങി, ഗസ ദുരന്തത്തിന്റെ വക്കിൽ : ഡബ്ല്യൂ എച്ച് ഒയുടെ മുന്നറിയിപ്പ്
ഗസ്സയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഇനി 24 മണിക്കൂർ നേരത്തേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഡബ്ല്യൂ എച്ച് ഒ മുന്നറിയിപ്പ് നൽകി. ഒരു വലിയ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗസ്സയിലേക്ക് സഹായം ഒഴുകുന്നുണ്ടെങ്കിലും അതൊന്നും അവിടെ എത്തിക്കാൻ സാധിച്ചിട്ടില്ല. ദുരിതാശ്വാസ വസ്തുക്കളുമായി എത്തിയ നൂറുക്കണക്കിന് വാഹനങ്ങൾ ഗസ്സ – ഈജിപ്ത് അതിർത്തിയായ റഫ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈജിപ്ഷ്യൻ അതിർത്തി കടക്കാമെന്ന പ്രതീക്ഷയിൽ നിരവധി ഫലസ്തീനികളും വിദേശ പൗരന്മാരും ഇന്നലെ സ്യൂട്ട്കേസുകളും സാധനങ്ങളുമായി ക്രോസിംഗിലേക്ക് ഒഴുകിയെത്തി. ദുരിതാശ്വാസ സാമഗ്രികൾ ഗസയിൽ എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ ആരോഗ്യ ഏജൻസിയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ അഹമ്മദ് അൽ-മന്ധാരി ആവശ്യപ്പെട്ടു. സഹായം ലഭിച്ചില്ലെങ്കിൽ, ഡോക്ടർമാർ അവരുടെ രോഗികൾക്കായി മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലേക്ക് സഹായം അനുവദിക്കുന്നതിനായി ക്രോസിംഗ് തുറക്കാൻ ധാരണയിലെത്തിയതായി ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ വിദേശികളെ ഗസ്സയിൽ നിന്ന് രക്ഷിക്കുന്നതിന് പകരമായി ഗസ്സയിൽ വെടിനിർത്തലും മാനുഷിക സഹായവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഗസ്സയിൽ രൂക്ഷമായ ബോംബാക്രമണം തുടരുകയാണ്. ആക്രമണം പത്ത് ദിവസം പിന്നിടുമ്പോൾ, ദിവസം മുഴുവൻ തുടർന്ന ബോംബാക്രമണങ്ങളിൽ പല കെട്ടിടങ്ങളും നിലംപൊത്തി. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ആയിരത്തിലേറെ പേരെ കാണാതായിട്ടുമുണ്ട്. ഇവർ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടതായി കരുതുന്നു.
