തടവിലാക്കപ്പെട്ട ക്രൈസ്തവര്‍ക്ക് മോചനം
കെയ്‌റോ: അഗ്‌നിബാധയെ തുടര്‍ന്ന് തകര്‍ന്ന ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജനുവരി 30 മുതല്‍ തടവിലായിരുന്ന 9 കോപ്റ്റിക് ക്രൈസ്തവര്‍ക്ക് മോചനം. ഇക്കഴിഞ്ഞ ഏപ്രില്‍ 23 ശനിയാഴ്ചയാണ് മോചനം ലഭിച്ചത്. മിന്യാ പ്രവിശ്യയിലെ എസ്‌ബെറ്റ് ഫറഗാല ഗ്രാമത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഇവര്‍ തടവിലാക്കപ്പെട്ടത്. ഇതിനിടെ ദേവാലയ കെട്ടിടം പൊളിച്ചു കളയുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതിനെതിരെയാണ് ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.2016ലാണ് എസ്‌ബെറ്റ് ഫറഗാല ഗ്രാമത്തിലെ സെന്റ് ജോസഫ് ആന്‍ഡ് അബു സെഫെയിന്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അവിചാരിതമായുണ്ടായ തീപിടുത്തത്തില്‍ തകരുന്നത്. അന്ന് മുതല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ടായിരിന്നു. മേഖലയിലെ എണ്ണൂറോളം ക്രൈസ്തവരുടെ ആശ്രയമായിരുന്നു ദേവാലയം.
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരിനോട് തടവിലാക്കിയ ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിന്നു. കാലാകാലങ്ങളായി ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഒരുപാട് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഈജിപ്ത്. 2016ല്‍ ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അയവുവരുത്തിയെങ്കിലും, ദേവാലയ നിര്‍മ്മാണ, പുനര്‍നിര്‍മ്മാണ അപേക്ഷകളില്‍ ഭൂരിഭാഗവും തള്ളപ്പെടുകയാണ് പതിവ്.ഇസ്‌ളാമിക ഭൂരിപക്ഷരാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ഗാമപ്രദേശങ്ങളിലാണ് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് പലപ്പോഴും മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നതായും ആരോപണം നിലവിലുണ്ട്.
