ഹോളിവുഡ് : ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിക്കൊണ്ടിരിക്കെ ഗാസയ്ക്ക് പിന്തുണയുമായി ഓസ്കർ പുരസ്കാര വേദിക്ക് അകത്തും പുറത്തും പ്രതിഷേധം. ഇസ്രായേല്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രതിഷേധക്കാർ ഡോള്‍ബി തിയേറ്ററിന് ചുറ്റും തടിച്ച് കൂടിയതോടെ ചില താരങ്ങള്‍ വേദിയിലേക്ക് എത്താന്‍ വൈകുകയും ചെയ്തു. ഗാസയില്‍ വെടിനിർത്തല്‍ നടപ്പിലാക്കുക, ഇസ്രായേല്‍ സൈന്യം പിന്മാറുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ബില്ലി എലിഷ്, ഫിന്നിയാസ്, അവാ ഡുവെർനെ, റാമി യൂസഫ് എന്നിവരുൾപ്പെടെ നിരവധി താരങ്ങള്‍ ഗാസയ്ക്ക് പിന്തുണയുമായി ചുവന്ന റിബണ്‍ അണിഞ്ഞായിരുന്നു വേദിയിലെത്തിയത്. സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച ഉച്ചക്ക് മുതല്‍ തന്നെ ഹോളിവുഡിലെ ഡോൾബി തീയറ്ററിന് ചുറ്റും ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെറുതും വലുതുമായ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് കുറഞ്ഞത് മൂന്ന് പ്രതിഷേധങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മീഡിയ റിലേഷൻസ് വിഭാഗം മേധാവി ക്യാപ്റ്റൻ കെല്ലി മുനിസിനെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഡോൾബി തിയറ്ററിൽ നിന്ന് ഒരു മൈൽ അകലെയുള്ള സിനിമാ തിയേറ്ററായ സിനിരാമ ഡോമിന് സമീപം നടന്ന ഏറ്റവും വലിയ പ്രകടനത്തിൽ 500 നും 700 നും ഇടയിൽ പ്രതിഷേധക്കാർ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. സിനിമാ പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. ‘സംഘർഷം അവസാനിപ്പിക്കാൻ യുഎസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നു.’ പ്രതിഷേധത്തിൽ, “ഫ്രീ പലസ്തീൻ” എന്ന് എഴുതിയ ഒരു ബോർഡ് പിടിച്ചിരുന്ന ഒരു സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവ് ലോറ ഡെൽഹോവർ പറഞ്ഞു. “ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത നല്‍കുന്ന ഡോളർ നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകത്തിന് നൽകുമെന്ന് അറിയുമ്പോൾ എന്റെ ഹൃദയം തകരുന്നു,” ലോറ ഡെൽഹോവർ. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ പരിശോധന നടപടികളും ലോസ് ഏഞ്ചല്‍സ് പൊലീസ് നടപ്പിലാക്കിയിരുന്നു.പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്യാപ്റ്റൻ മുനിസ് പറഞ്ഞു.
