ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ഇടപെടല്‍: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് പുരസ്കാരം
ബ്രസല്‍സ്: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ പേരില്‍ യൂറോപ്യന്‍ യൂണിയനിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഇന്‍ വെരിറ്റാറ്റ് 2023’ പുരസ്കാരം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും മാള്‍ട്ട സ്വദേശിനിയുമായ റോബെര്‍ട്ടാ മെറ്റ്സോളക്ക് സമ്മാനിച്ചു. ക്രിസ്തീയ – യൂറോപ്യന്‍ മൂല്യങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ഇന്‍ വെരിറ്റാറ്റെ അവാര്‍ഡ്.
അന്തരിച്ച പോളിഷ് മെത്രാനും ക്രാക്കോവ് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ പ്രൊമോട്ടറുമായ ബിഷപ്പ് തദേവൂസ് പിയറോണെക്കിന്റെ പേരിലാണ് പുരസ്കാരം. യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പെരുകുന്ന പശ്ചാത്തലത്തില്‍ വന്‍ശക്തികള്‍ ജനാധിപത്യത്തേ വെല്ലുവിളിക്കുന്ന ഈ ലോകത്ത് ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് എന്നത്തേക്കാളും പ്രധാനപ്പെട്ട കാര്യമായി മാറിക്കഴിഞ്ഞുവെന്ന് മെറ്റ്സോള തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. യുക്രൈന്‍, മോള്‍ഡോവ, ജോര്‍ജ്ജിയ, പടിഞ്ഞാറന്‍ ബാള്‍ക്കണ്‍ തുടങ്ങിയ സമാനമനസ്കരായ ജനാധിപത്യ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഭാവി യൂറോപ്യന്‍ യൂണിയന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ക്രിസ്ത്യന്‍ – യൂറോപ്യന്‍ മൂല്യങ്ങള്‍ സഹായിക്കുമെന്നു മെറ്റ്സോള പറഞ്ഞു.
