ലഖ്നൗ: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുരയിൽ അനധികൃതമെന്ന് ആരോപിച്ച് മസ്ജിദും മദ്രസയും പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് പിന്നാലെ സംഘർഷം. സംഘർഷത്തിനെതിരെ പൊലീസ് വെടിയുതിർക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ഉൾപ്പെടെയുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ പ്രദേശത്തെ സ്കൂളുകൾ പൂട്ടാനും നിർദേശിച്ചിട്ടുണ്ട്.
ഇത് വർഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ് പറയുന്നത്. ഇത് സാമൂഹിക വിരുദ്ധർ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നാണ് സിങ് പറഞ്ഞത്. എന്നാൽ പൊലീസിന്റെ പ്രകോപനമുണ്ടായതായി പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിൽ മസ്ജിദും മദ്രസയും പൊളിക്കാൻ പാടില്ലായിരുന്നു എന്നാണ് ഇവരുടെ വാദം
