ന്യൂയോർക്ക് : ആക്രമണത്തിൽ ബലിയാടാക്കപ്പെടുന്ന ഫലസ്തീൻ ജനതക്ക് ആഗോളതലത്തിൽ പിന്തുണയേറുന്നു. ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യങ്ങൾ മുഴക്കി വിവിധ രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. യുദ്ധത്തിൽ ഇസ്റാഈലിന് പൂർണ പിന്തുണയും സൈനിക സഹായവും നൽകുന്ന അമേരിക്കയിൽ അടക്കം ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നതായി റിപോർട്ടുകൾ
അമേരിക്കയിൽ ചിക്കാഗോയിലും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലും നൂറുകണക്കിന് ആളുകളാണ് ഫലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തത്. ജോഹന്നാസ്ബർഗ്, കേപ്ടൗൺ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധത്തിനിടെ യിസ്രായേൽ അനുകൂലികൾ എതിർപ്രകടനം നടത്തിയതിനെ തുർന്ന് ചെറിയ സംഘർഷവുമുണ്ടായി. കേപ് ടൗണിൽ നിരവധി പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി ജൂത മ്യൂസിയത്തിന് പുറത്ത് തടിച്ചുകൂടി ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തു.
ബംഗ്ലാദേശ് മുതൽ ലാസ് വെഗാസ് വരെയും ബ്രസീൽ മുതൽ റോം വരെയും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. റോം, ബാഴ്സലോണ, ബ്രസീലിയ, ബ്യൂണസ് അയേഴ്സ്, വാൻകൂവർ, മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും നിരപരാധികളായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് പ്രകടനക്കാർ തെരുവിലിറങ്ങി. അയർലാൻഡ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും ഐക്യദാർഢ്യ പ്രകടനങ്ങൾ അരങ്ങേറി.
സാൻ ഫ്രാൻസിസ്കോയിൽ പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. പാരീസിലെ ഈഫൽ ടവറിൽ ഇസ്റാഈലി പതാക പ്രദർശിപ്പിച്ചപ്പോൾ ഇസ്റാഈലിനെ പിന്തുണക്കുന്ന ആളുകൾ ഇവിടെ ഒത്തുകൂടി. റോമിൽ ടിറ്റോ ചക്രവർത്തിയുടെ കമാനത്തിലും നിരവധിപേർ തടിച്ചുകൂടി. പാകിസ്താനിലെ കറാച്ചിയിൽ യിസ്രായേലിന്റെയും അമേരിക്കയുടെയും പതാകകൾ പ്രകടനക്കാർ കത്തിച്ചു. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും തലസ്ഥാനങ്ങളിലും റാലികൾ നടന്നു. ഏഷ്യാ-പസഫിക് മേഖലയുടെ ചില ഭാഗങ്ങളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഗസ്സയിലെ ഇസ്റാഈൽ ബോംബാക്രമണം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഭക്ഷണത്തിനും കുടിവെള്ളത്തിനും അവശ്യ മരുന്നുകൾക്കും ബുദ്ധിമുട്ട് നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക ഇടനാഴി ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
