ക്വാലാലംപൂര്‍: മലേഷ്യയില്‍ ക്വാലാലംപൂരിലെ ഹൈവേയില്‍ സ്വകാര്യ ജെറ്റ് തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. മലേഷ്യയിലെ സെന്‍ട്രല്‍ സെലാന്‍ഗോര്‍ സ്‌റ്റേറ്റില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ജെറ്റ് മോട്ടോര്‍ ബൈക്കിലും കാറിലും ഇടിച്ചു. അപകടത്തില്‍ ജെറ്റിലെ എട്ട് പേരും മോട്ടോര്‍ ബൈക്കിലെ ഒരാളും കാറിലെ ഒരാളുമാണ് മരിച്ചത്. ആറ് യാത്രക്കാരും രണ്ട് ജീവക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്‍മിന ടൗണ്‍ഷിപ്പിന് സമീപം വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സെലാംഗൂര്‍ പൊലീസ് മേധാവി ഹുസൈന്‍ ഒമര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് വിമാനം ഹൈവേയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകട കാരണം മനസിലാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ നടത്തുകയാണ്. ഇടിയുടെ ആഘാതത്തില്‍ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
