Ultimate magazine theme for WordPress.

യുഎഇ ഭരണാധികാരികള്‍ 1,049 തടവുകാര്‍ക്ക് മാപ്പ് നല്‍കി

അബുദാബി: റമദാന്‍ പ്രമാണിച്ച് യുഎഇ രാഷ്ട്ര ഭരണാധികാരികള്‍ അര്‍ഹരായ 1,049 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുന്നത്. നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും പരിഗണിച്ചാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 735 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് അടച്ചുതീര്‍ക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

314 തടവുകാരെ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി മോചിപ്പിച്ചു . തടവുകാര്‍ക്ക് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമെന്ന നിലയിലാണ് പുണ്യമാസത്തിന് മുന്നോടിയായി മാനുഷിക പരിഗണനകള്‍ വച്ച് മാപ്പുനല്‍കി വിട്ടയക്കുന്നത്. വിട്ടയക്കപ്പെടുന്നവര്‍ക്കെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേര്‍ന്ന് മികച്ച ജീവിതം നയിക്കാന്‍ സാധിക്കട്ടെയെന്ന് ഭരണാധികാരികള്‍ ആശംസിച്ചു. റദമാന്‍, ഈദ്, ദേശീയ ദിനം തുടങ്ങിയ സുപ്രധാന വിശേഷ അവസരങ്ങളില്‍ അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. 2023ല്‍ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ നേതാക്കള്‍ 3,400 തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.