വൈദികരും സന്യാസിനികളും പലായനം ചെയ്യുന്നു
ടൈഗ്രെ: എത്യോപ്യയിലെ കടുത്ത അരക്ഷിതാവസ്ഥയെ തുടര്‍ന്ന്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ടൈഗ്രെ മേഖലയില്‍ നിന്നും കത്തോലിക്ക വൈദികരും കന്യാസ്ത്രീകളും പലായനം ചെയ്യുന്നു. ആരാധനാലയങ്ങളിൽ ശ്രുശ്രൂഷകൾ നടത്തുവാന്‍ കഴിയുന്നില്ലെന്നു എത്യോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ സൗരാഫിയല്‍ ബെര്‍ഹാനേയീസസ് പറഞ്ഞു. രാജ്യത്തെ സമാധാനമില്ലായ്മ കാരണം സഭ വളരെ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പലായനം ചെയ്യുന്ന വൈദികരുടെയും, സന്യാസിനികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സൗരാഫിയല്‍ പ്രസ്താവനയില്‍ കുറിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോടും സര്‍ക്കാരിനെ പിന്തുണക്കുന്ന സംഘടനകളോടും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ടൈഗ്രെ മേഖലയിലെ കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന്‍ അദ്ദേഹം മുന്നറിയിപ്പ് നൽകി. സര്‍ക്കാരിന്റേയും അധിനിവേശ സേനയുടേയും ഉപരോധങ്ങള്‍ കാരണം സഭക്ക് അജപാലന പ്രവര്‍ത്തങ്ങളും, മാനുഷിക സേവനങ്ങളും നല്‍കുവാന്‍ കഴിയുന്നില്ലെന്നും, യുദ്ധം സഭയെ അതിന്റെ അജപാലകരില്‍ നിന്നും വൈദികരിൽ നിന്നും ഇടവക സമൂഹങ്ങളില്‍ നിന്നും, അന്താരാഷ്ട്ര കത്തോലിക്ക ശ്രംഖലകളില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
