സന്തോഷത്തിന്റെ താക്കോലാണ് പ്രാര്‍ത്ഥനാജീവിതവും ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധവും : ഫ്രാൻസിസ് പാപ്പാ
വത്തിക്കാൻ സിറ്റി : പ്രാര്‍ത്ഥനാജീവിതവും ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധവും വളര്‍ത്തുന്നതിലാണ് സന്തോഷത്തിന്റെ താക്കോല്‍ അടങ്ങിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ശരിക്കും സന്തോഷമുള്ളവരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം എല്ലാ ദിവസവും ധാരാളമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. കാരണം പ്രാര്‍ത്ഥന നമ്മെ ദൈവവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നു. പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശം കൊണ്ടും ഊഷ്മളത കൊണ്ടും നിറയ്ക്കുന്നു. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസ്സമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു – പാപ്പ പറഞ്ഞു. ആഗോള ബാലദിനത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍.
വരുന്ന മെയ് 25, 26 തീയതികളില്‍ റോമിലാണ് ആദ്യത്തെ ആഗോള ബാലദിനം ആഘോഷിക്കുന്നത്. ആഗോള യുവജന ദിനത്തിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആഗോള ബാലദിനം മാര്‍പാപ്പ പ്രഖ്യാപിച്ചത്. ഞാന്‍ എല്ലാം പുതുതാക്കുന്നു എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
