തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്ന നാല് വൈമാനികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നാലുവര്‍ഷമായി പരിശീലനം നടത്തിവരുന്ന പാലക്കാട് നന്മാറ സ്വദേശിയും മലയാളിയുമായ പ്രശാന്ത് നായരടക്കം നാല് വൈമാനികരുടെ പേരുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് മൂന്ന് പേര്‍. പ്രശാന്താണ് സംഘത്തെ നയിക്കുക. യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. അടുത്ത വര്‍ഷമോ 2026 തുടക്കത്തിലോ മനുഷ്യദൗത്യം വിക്ഷേപിക്കുകയാണ് ലക്ഷ്യം.
പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ മൂന്നുപേരെ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. മൂന്നുനാള്‍ ഭൂമിയെ ചുറ്റി അറബിക്കടലില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഈ വര്‍ഷം പകുതിയോടെ ‘വ്യോമമിത്ര’ എന്ന പെണ്‍റോബോട്ടിനെ ബഹിരാകാശത്തേക്ക് എത്തിച്ച് മടക്കിക്കൊണ്ടു വരും. തുടര്‍ന്ന് രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചശേഷമാകും മനുഷ്യദൗത്യം.
വി.എസ്.എസ്.സി., സതീഷ് ധവാന്‍ സ്പെയ്സ് സെന്റര്‍, ഐ.പി.ആര്‍.സി. മഹേന്ദ്രഗിരി എന്നിവിടങ്ങളിലുള്ള മൂന്നുപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.
