ജോയ് മാത്യു
തലക്കെട്ട് വായിച്ചു വായനക്കാർ കൺഫ്യൂഷൻ ആകേണ്ട…! അവരെക്കുറിച്ചുള്ള വർണ്ണണയൊന്നും ഇതിലില്ല.
പ്രസംഗത്തിന് അല്പം കൊഴുപ്പ് കൂട്ടാൻ ബൈബിളിലെ ചില കഥാപാത്രങ്ങളെ വിവരിക്കുന്നതിൽ നമ്മളുടെ ചില പ്രസംഗകർ മിടുക്കന്മാരാണ്. കർണ്ണരസമാകുമാറ് വിവരിക്കുന്നത് കേൾവിക്കാരെ പിടിച്ചിരുത്തും. അല്പം തമാശയും പൊലിപ്പിച്ചുള്ള വിഷയാവതരണവും,
ആത്മീയമെന്ന് വരുത്തി തീർക്കാൻ ഇടക്കിടെ അന്യഭാഷയും കൂടിയാകുമ്പോൾ സംഗതി എറിച്ചു….! “നിനക്കെതിരെ ശത്രു ഒരുക്കുന്ന കെണികൾ”
എന്ന് വ്യാഖ്യാനിച്ച് കേൾവിക്കാരെ മുൾമുനയിൽ നിർത്തുന്നു…!
“ബർശേബയുടെ കുളിയും..
ജോസഫിന്റെ മേലങ്കിയും”
ചിലരുടെ പ്രസംഗ വിഷയമാണ്…! പൊതുവേദിയിൽ പ്രസംഗിക്കുവാൻ ഇതിലും എത്രയെത്ര നല്ല കാര്യങ്ങൾ വിശുദ്ധ തിരുവചനത്തിൽ ഉണ്ട്.
പക്ഷേ അതൊന്നും ചിലർക്ക് വേണ്ട.
ഇനിയും നമ്മുടെ കൺവെൻഷൻ സീസൺ ആരംഭിക്കുകയായി…
എന്തൊക്കെ കേൾക്കണം..!
പുതുതായി ഒന്നും പ്രത്യേകിച്ച് പറയാനില്ലാതാകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് സ്റ്റേജ് നിലനിർത്തണം. ചിലർക്ക് ഇതൊക്കെ നല്ലതായി തോന്നാം. എന്നാൽ ഭൂരിപക്ഷം ആൾക്കാരും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.
ദൈവവചനം ജീവനും ശക്തിയും ഉള്ളതാണ്… അത് ജനഹൃദയങ്ങളെ രൂപാന്തരത്തിലേക്ക് നയിക്കണം. പള്ളിക്കകത്ത് പ്രസംഗിക്കുന്നത് അല്ല പുറത്തു പ്രസംഗിക്കേണ്ടത്.. പക്ഷേ പുറത്തു പ്രസംഗിക്കുന്നത് പള്ളിക്കകത്തും പ്രസംഗിക്കാം.
പ്രസംഗത്തിനകത്ത് അല്പം നർമ്മം ചേർക്കാമെങ്കിലും സുവിശേഷ പ്രസംഗം മുഴുവൻ കോമഡി ആകരുത്.. രണ്ടു മണിക്കൂറിന്റെ എന്റർടൈൻമെന്റിനുള്ള സമയമല്ല സുവിശേഷ യോഗങ്ങൾ.
വർഷത്തിലൊരിക്കലുള്ള കൺവെൻഷൻ സീസൻ നാം ഫലപ്രദമായി ഉപയോഗിക്കണം.
ദേശത്തിന്റെ വിടുതലും, പാപികളുടെ മാനസാന്തരവും, പിന്മാറ്റക്കാരന്റെ മടങ്ങിവരവും ലക്ഷ്യമായിരിക്കണം. അല്ലാത്ത സുവിശേഷ യോഗങ്ങൾ ഒക്കെ ഒരു വാർഷിക സമ്മേളനമായി മാത്രം കണക്കാക്കിയാൽ മതി.
ദയവായി പ്രസംഗകർ സൂക്ഷിക്കുക :
ചളി പറയരുതേ…
വളിപ്പ് വിളംബരുതേ…
അല്പം സീരിയസ് ആയാൽ കുഴപ്പമൊന്നുമില്ല….
ഇത് മനുഷ്യന്റെ നിത്യതയുമായി ബന്ധപ്പെട്ടുള്ള സീരിയസ് വിഷയമാണ്
നല്ല ഭാഷയിൽ,
നല്ല സംസ്കാരത്തിൽ അവതരിപ്പിക്കണം! ബഹുമാനപ്പെട്ട കാനം അച്ചനെ അനുസ്മരിച്ചുകൊണ്ട് എന്റെ ഈ കുറിപ്പ് തൽക്കാലം അവസാനിപ്പിക്കുന്നു..

Comments are closed.