Ultimate magazine theme for WordPress.

പോപ്പ് ലിയോയുടെ ചരിത്രപരമായ ലാംപെഡൂസ സന്ദർശനം ജൂലൈ 4-ന്

 

വത്തിക്കാൻ : ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി മാർപ്പാപ്പ സ്ഥാനത്തെത്തിയ അമേരിക്കൻ പൗരനായ പോപ്പ് ലിയോ പതിനാലാമൻ, ഈ വർഷത്തെ അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. വടക്കൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കടൽമാർഗ്ഗം പലായനം ചെയ്യുന്ന അഭയാർത്ഥികൾ എത്തുന്ന പ്രധാന ഇടത്താവളമായാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. തന്റെ ജന്മനാടായ അമേരിക്ക സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന ദിവസം തന്നെ, കഷ്ടത അനുഭവിക്കുന്ന അഭയാർത്ഥികൾക്കിടയിൽ ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചത് ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

ടുണീഷ്യയ്ക്കും സിസിലിക്കും ഇടയിലുള്ള മെഡിറ്ററേനിയൻ കടലിലാണ് ലാംപെഡൂസ സ്ഥിതി ചെയ്യുന്നത്. അമേരിക്കയിൽ നിലനിൽക്കുന്ന കുടിയേറ്റ ചർച്ചകളിൽ മാർപ്പാപ്പ ഇതിനോടകം തന്നെ തന്റെ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. കുടിയേറ്റക്കാരോട് കാരുണ്യത്തോടും മാനുഷിക പരിഗണനയോടും കൂടി പെരുമാറണമെന്ന് അദ്ദേഹം ആവർത്തിച്ചു ആവശ്യപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിനത്തിലെ ഈ സന്ദർശനം കേവലം ഒരു യാത്രയല്ലെന്നും, മറിച്ച് ലോകമെമ്പാടുമുള്ള അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള അദ്ദേഹത്തിന്റെ ബോധപൂർവ്വമായ തീരുമാനമാണെന്നും വത്തിക്കാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ചിക്കാഗോയിൽ ജനിച്ച പോപ്പ് ലിയോ പതിനാലാമൻ, ഈ വർഷം തന്റെ ജന്മനാട് സന്ദർശിക്കില്ലെന്ന് വത്തിക്കാൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പകരമായാണ് ജൂലൈ 4-ന് ഇറ്റലിയിലെ ഈ ചെറിയ ദ്വീപിലേക്ക് അദ്ദേഹം യാത്ര തിരിക്കുന്നത്. ഈ വേനൽക്കാലത്ത് അദ്ദേഹം ഇറ്റലിയിൽ നടത്തുന്ന ആറ് സുപ്രധാന സന്ദർശനങ്ങളിൽ ഒന്നാണിത്. പോംപെ, നേപ്പിൾസ്, അസീസി തുടങ്ങിയ നഗരങ്ങളും അദ്ദേഹത്തിന്റെ യാത്രാ പട്ടികയിലുണ്ട്. അഭയാർത്ഥികളുടെ ദുരിതങ്ങളിലേക്ക് ലോകമനസാക്ഷിയെ ഉണർത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതപ്പെടുന്നു.

Sharjah city AG

Comments are closed.