പെന്തെക്കൊസ്തു കൺവൻഷൻ സ്ഥലങ്ങളിൽ പോലീസ് അതീവ ജാഗ്രതയിൽ ; സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം
തിരുവല്ല: കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ സമ്മേളനത്തിനിടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ വെൺമണി കൺവെൻഷനിൽ പോലീസ്, സ്പെഷ്യൽ ബ്രാഞ്ച്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. പായ, കസേര , സ്റ്റേജ്, പാർക്കിംങ് സ്ഥലം തുടങ്ങീ പരിസരം മുഴുവൻ പരിശോധിച്ചതിന് ശേഷമാണ് വിശ്വാസികളെ പ്രവേശിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥർ യോഗം തീരുന്നത് വരെ ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്നു. പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ സമ്മേളനങ്ങൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് നിർദേശിച്ചിട്ടുണ്ട്.
പൊലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ
കൺവൻഷൻ ഹാളും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിലായിരിക്കണം.
കൺവൻഷനിൽ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണം.
കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിക്കണം. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുവാൻ പാടില്ല.
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആരും നിൽക്കുവാൻ പാടില്ല.
അനുവദനീയമായ അളവിൽ കൂടുതലുള്ള ശബ്ദസംവിധാനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
കൺവൻഷൻ ഹാളിൽ എമർജൻസി എക്സിറ്റുകളും ഫയർഎസ്റ്റിൻഷറുകളും മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളും സ്ഥാപിക്കേണ്ടതാണ്.
കൺവൻഷൻ രാത്രി കൃത്യം 10 ന് അവസാനിപ്പിക്കേണ്ടതാണ്.
മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.മാരെ നേരത്തേ അറിയിക്കണം. കൺവൻഷനുകൾ, മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്.