ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണിലെ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ് വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി സംഘടിപ്പിക്കുന്ന ചൈനയിലെ ഗ്രാമീണ മേഖലയിലെ കത്തോലിക്കരുടെ ജീവിതത്തിന്റെ നേര്‍രേഖ വെളിപ്പെടുത്തുന്ന “ഓണ്‍ ദി റോഡ് : ദി കാത്തലിക് ഫെയിത്ത് ഇന്‍ ചൈന” ഫോട്ടോപ്രദര്‍ശനം ബോസ്റ്റണ്‍ കോളേജില്‍ നടത്തപ്പെടുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ലു നാന്‍ 1992 മുതല്‍ 1996 വരെ ചൈനയിലെ 10 പ്രവിശ്യകളിലെ ഗ്രാമീണ മേഖലകളിലൂടെ സന്ദര്‍ശിച്ച് തന്റെ കാമറയില്‍ ഒപ്പിയെടുത്ത ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ജീവിതത്തിന്റെ അറുപതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസംബര്‍ 22 വരെ പ്രദര്‍ശനം ഉണ്ടാകും.
ചൈനീസ്-പാശ്ചാത്യ സാംസ്കാരിക കൈമാറ്റത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ സ്ഥാപനമാണ് റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ് വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി. ബോസ്റ്റണ്‍ കോളേജിന്റെ തിയോളജി ആന്‍ഡ് മിനിസ്ട്രി (എസ്.ടി.എം) ലൈബ്രറിയില്‍ 50 ഫോട്ടോകളും, ബാക്കി വരുന്ന 10 ഫോട്ടോകള്‍ ഒ’നെയില്‍ ലൈബ്രറി ഗാലറിയിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷങ്ങളുടെയും സമൂഹങ്ങളുടെയും ജീവിതത്തേക്കുറിച്ചുള്ള അന്വേഷണമാണ് ലുവിന്റെ ഫോട്ടോകള്‍.
യുന്നാന്‍ മുതല്‍ ടിബറ്റ് വരെയുള്ള ക്രൈസ്തവരുടെ ജീവിതത്തിലാണ് ലു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 5 വിഭാഗങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഫോട്ടോ ശേഖരം ലൂ കണ്ടുമുട്ടിയ ചൈനീസ് ക്രൈസ്തവരുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും വിവിധ വശങ്ങളുടെ നേര്‍സാക്ഷ്യമാണ്.
