സിയോള്‍: ഏഷ്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വർധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ‘കാത്തലിക്ക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് കൊറിയ’ (സിപിബിസി) ഓഗസ്റ്റ് 22നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിഷയം ചൂണ്ടിക്കാണിക്കുന്നത്. മണിപ്പൂരിലും പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലും അടുത്തിടെ ക്രൈസ്തവർക്ക് നേരെ നടന്ന അക്രമങ്ങളും ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂരിൽ നൂറ്റിതൊണ്ണൂറോളം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാൻ പരാജയപ്പെട്ടുവെന്നും, അക്രമ സംഭവങ്ങളെ വോട്ട് നേടാനുള്ള മാർഗമായി കണ്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
ഒരു ദിവസം ലോകത്തെ ഏഴു ക്രൈസ്തവരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ മാർച്ച് മാസം വെളിപ്പെടുത്തൽ നടത്തിയ യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷക പദവിയിൽ പ്രവർത്തിക്കുന്ന ആർച്ച് ബിഷപ്പ് ഫോർത്തുനാത്തൂസ് നാച്കുവിന്റെ പ്രസ്താവനയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനെയും, ഇന്ത്യയെയും കൂടാതെ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും വലിയ തോതിലാണ് ക്രൈസ്തവ പീഡനം നടക്കുന്നത്. കൂടാതെ ഏഷ്യക്ക് പുറത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലടക്കം ക്രൈസ്തവർ ഭീഷണി നേരിടുന്നു. ഇസ്രായേലിൽ അടുത്തിടെ ക്രൈസ്തവ സന്യാസ ആശ്രമങ്ങൾക്ക് നേരെ യഹൂദ തീവ്രവാദികളുടെ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ വ്യാജ മതനിന്ദ ആരോപണം ചൂണ്ടിക്കാട്ടി ക്രൈസ്തവ ഭവനങ്ങളും, ദേവാലയങ്ങളും അഗ്നിക്കിരയാക്കുന്നത് ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്. നിക്കരാഗ്വേയിൽ ഭരണകൂടം വൈദികരെയും, ക്രൈസ്തവ പ്രസ്ഥാനങ്ങളെയും ലക്ഷ്യമിടുന്നതും റിപ്പോർട്ട് ആശങ്കയോടെയാണ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
