Ultimate magazine theme for WordPress.

അതു തന്നെയാണ് കാനം അച്ചൻ….

ജോർജ് മാത്യു പുതുപ്പള്ളി

ആദരണീയനായ കാനം അച്ചനെ ഞാൻ ആദ്യമായി കാണുന്നത് ഒരു ക്രിസ്മസ് ദിനത്തിലാണ്. പുതുപ്പള്ളിക്കാരനായി ജനിച്ചിട്ടും ഞാൻ അതുവരെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലായിരുന്നു.

ഞാനന്ന് വളരെ പ്രായം കുറഞ്ഞ വൈദികൻ. എറണാകുളത്ത് ഒരു ക്രിസ്മസ് പ്രോഗ്രാമിൽ പ്രസംഗിക്കാനായി തീവണ്ടി കാത്ത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു.

അൽപം അകലെ വെള്ള പാന്റും മുറിക്കയ്യൻ വെള്ള ഷർട്ടും ധരിച്ച് കയ്യിൽ ഒരു ചെറിയ ബാഗും തൂക്കി അധികം ഉയരമില്ലാത്ത ഒരു വ്യക്തിയും നിൽക്കുന്നു.

അദ്ദേഹത്തെ ചൂണ്ടിക്കാട്ടി എന്റെ സുഹൃത്ത് എന്നോടു പറഞ്ഞു : ‘അച്ചാ, ആ നിൽക്കുന്നതാണ് പ്രസിദ്ധനായ സുവിശേഷപ്രസംഗകൻ കാനം അച്ചൻ.’

ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു : ‘ഏയ്‌, അദ്ദേഹത്തെ കണ്ടിട്ട് കാനം അച്ചനാണെന്ന് വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല. അത് മറ്റാരെങ്കിലും ആയിരിക്കും’

ഞാൻ അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. എന്റെ മനസിലെ കാനം അച്ചൻ അജാനബാഹുമായ, വലിയ മീശയും താടിയും കുടവയറുമൊക്കെയുള്ള ഒരു വ്യക്തിയായിരുന്നു.

സുഹൃത്ത് തറപ്പിച്ചു പറഞ്ഞു : ‘അതു തന്നെയാണ് കാനം അച്ചൻ. എനിക്ക് അദ്ദേഹത്തെ നേരിട്ടറിയാം. ഞാൻ അദ്ദേഹത്തിന്റെ അയൽവാസിയാണ്.’

കുറെ നാളായി കാനം അച്ചനെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്ന എനിക്ക് അതു കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഞാൻ പതിയെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു : ‘അങ്ങയുടെ പേര് എന്താണ് ?’

ളോഹധാരിയായിരുന്ന എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സൗമ്യസ്വരത്തിൽ അദ്ദേഹം പറഞ്ഞു : ‘ഏബ്രഹാം.’

എനിക്കു വീണ്ടും സംശയമായി. ഞാൻ പിന്നെയും ചോദിച്ചു : ‘അങ്ങല്ലേ, കാനം അച്ചൻ ?’

പുഞ്ചിരി തൂകി അദ്ദേഹം വീണ്ടും പറഞ്ഞു : ‘എന്റെ പേര് പി ഐ ഏബ്രഹാം എന്നാണ്. ചിലർ എന്നെ കാനം അച്ചനെന്നും വിളിക്കാറുണ്ട്.’

‘എന്നെക്കുറിച്ചും കേട്ടിട്ടുണ്ട്’ എന്ന് കാനം അച്ചൻ പറഞ്ഞതു കേട്ടപ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി. അല്പനേരം ഞങ്ങൾ സംസാരിച്ചുനിന്നു.

അപ്പോഴേക്കും എനിക്കു പോകാനുള്ള എറണാകുളം തീവണ്ടി വന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ തീവണ്ടിയിൽ കയറി.

പിന്നീടുള്ള വിശ്വാസജീവിതത്തിൽ ഒരു ആത്മീയപിതാവിനെപ്പോലെ ഞാൻ സ്നേഹിച്ചിരുന്ന കാനം അച്ചന്റെ സംഭാവനകൾ വാക്കുകൾകൊണ്ട് വിവരിക്കുക പ്രയാസമാണ്.

അത് എന്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കുന്നു, ജ്വലിച്ചുനിൽക്കുന്ന തേജോമയമായ ഒരു ക്രിസ്മസ് നക്ഷത്രംപോലെ.

Sharjah city AG

Comments are closed.