പുത്തൻകുരിശ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഭാ മക്കൾക്ക് ഉണർവും പ്രത്യാശയുമേകി രണ്ടാഴ്ചത്തെ ഭാരത സന്ദർശനം പൂർത്തിയാക്കി ദമാസ്കസിലേക്ക് മടങ്ങി. ജനസാഗരം കൊണ്ട് ശ്രദ്ധേയമായ ബാവായുടെ ഭാരതത്തിലെ നാലാമത്തെ സന്ദർശനം വിശ്വാസി സമൂഹത്തിന് ആവേശകരവും അനുഗ്രഹകരവുമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്.
സന്ദർശനത്തിൽ ഉടനീളം സ്നേഹനിർഭരമായ സ്വീകരണവും ഭക്തി നിർഭരമായ വരവേൽപ്പുമാണ് ലഭിച്ചത്. കടന്നു ചെന്നതായ ഓരോ ഇടങ്ങളിലും ജാതിഭേദമന്യേ ആയിരക്കണക്കിന് ആളുകളായിരുന്നു ബാവായെ കാണുവാനും സ്വീകരിക്കുവാനും എത്തിയിരുന്നത്. ഭാരതത്തിൻ്റെ പൈതൃകവും മതനിരപേക്ഷതയും സഹിഷ്ണുതയും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള ഇന്ത്യൻ ഭരണഘടനയുടെ തനിമയും ഭാരതത്തെ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർത്തി നിർത്തുന്നുവെന്നും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന നേട്ടം അഭിനന്ദനാർഹമാണെന്നും തൻ്റെ സന്ദേശത്തിൽ ബാവ പറഞ്ഞു.
തൻ്റെ സന്ദർശനത്തിനു വേണ്ട എല്ലാ ക്രമീകരണങ്ങളും സഹായങ്ങളും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ ഗവൺമെൻ്റിനെയും ബാവ പ്രത്യേകം പ്രശംസിച്ചു. സന്ദർശനത്തിൽ ഉടനീളം നാടിൻ്റെ പുരോഗതിക്കും നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും ബാവ ആഹ്വാനം ചെയ്തു. സഭ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ സഭാ മക്കളുടെ കണ്ണുനീരിനും പ്രാർത്ഥനയ്ക്കും ദൈവം ഉത്തരമരുളുമെന്നും ഏത് പ്രതിസന്ധിയിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സഭാ മക്കളാണ് സഭയുടെ വലിയ സമ്പത്തെന്നും ബാവ പറഞ്ഞു. കഷ്ടതകളിൽ അധിഷ്ഠിതമായ വിശ്വാസമണ് ക്രൈസ്തവ സഭയുടെ സാക്ഷ്യം. സഭകളും മതങ്ങളും സമാധാനത്തിലും സഹവർത്തിത്വത്തിലും മുന്നോട്ടു പോകുമ്പോഴാണ് സമൂഹത്തിൽ ശാന്തിയും സമാധാനവും കൈവരികയുള്ളുവെന്നും ക്രിസ്തീയ സഭകൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കൾ ആകണമെന്നും ബാവ ആഹ്വാനം ചെയ്തു.
