ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ പാസ്റ്ററെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്ത സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായി അപലപിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതവും പരിഷ്കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സിബിസിഐ വ്യക്തമാക്കി.
ഒരു വ്യക്തിയെ അപമാനിക്കുന്നതിനായി ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ വക്താവ് ഫാ. റോബിൻസൻ റൊഡ്രിഗസ് പറഞ്ഞു. വ്യക്തിയുടെ അന്തസ്സിനെയും വിശ്വാസത്തെയും ബാധിക്കുന്ന ഇത്തരം അധിക്ഷേപങ്ങൾ ബഹുസ്വര സമൂഹത്തിൽ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.