Ultimate magazine theme for WordPress.

പരിശുദ്ധാത്മാവ് എന്ന വ്യക്തി

പാസ്റ്റർ ഫിലിപ്പ് പി തോമസ്

പരിശുദ്ധാത്മാവിനെക്കുറിച്ചും കൃപാവരങ്ങളെക്കുറിച്ചും ഏറ്റവും കൂടുതൽ സംസാരിക്കുന്നത് പെന്തക്കോസ്തുകാരാണ്. കേരളത്തിൽ നമ്മുടെ ആദ്യ തലമുറക്ക് പരിശുദ്ധാത്മാവിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നു. എന്നാൽ
ഇന്ന് സ്വയം പ്രഖ്യാപിത ഉണർവുകാരും വ്യാജ പ്രവാചകന്മാരും വ്യാജ രോഗശാന്തിക്കാരും ആത്മാവിൻ്റെ കച്ചവടക്കാരായി .
വെറുതെ ” ഫയർ ” എന്നും ” പ്രാപിച്ചോ ” എന്നൊക്കെ തൊണ്ട കീറി
ബഹളമുണ്ടാക്കി വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. കോവിഡ് കാലത്ത് ഇവരൊക്കെ മാളത്തിൽ ആയിരുന്നു . യഥാർത്ഥ വര പ്രാപ്തർ വിരളമായി ഇന്നും കേരളത്തിൽ ഉണ്ട് .

എന്നാൽ നല്ലതിനെക്കാൾ വിൽപന ചൈനീസ് ഉൽപന്നങ്ങൾക്ക് ആണല്ലോ .അഭിഷേകം, ആത്മ സ്നാനം ,ആത്മ നിറവ് എന്നിവ ഒന്നല്ല ,വ്യത്യസ്ഥ അനുഭവങ്ങൾ ആണ് .പിന്നാലെ വ്യക്തമാക്കാം .

*ഏക ദൈവം ,മൂന്ന്* *വ്യക്തികൾ*

പരിശുദ്ധാത്മാവിനെ ഒരു ശക്തി മാത്രമായാണ് പലരും മനസിലാക്കുന്നത് .എന്നാൽ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായിട്ടാണ് ബൈബിളിൽ കാണുന്നത് .കൃസ്തീയ സഭകൾ എല്ലാം അങ്ങനെ പഠിപ്പിക്കുന്നു .പിതാവിനോടും പുത്രനോടും സമനും, നിത്യനുമായ ദൈവമാണ് പരിശുദ്ധാതമാവ്. തൃത്വത്തിൽ മൂന്നാമൻ എന്നു സാധാരണ പറയുന്നത് മുൻഗണനാക്രമത്തിൽ അല്ല .മൂന്നു വ്യക്തികൾ ഉള്ളപ്പോൾ ,മനസിലാകുവാൻ ഭാഷയിൽ അങ്ങനെ ഉപയോഗിക്കുന്നുവെന്നു മാത്രം .

അവിടുന്ന് ദൈവമാണ് . അവിടുന്ന് ദൈവത്തോട് സമനാണ് .അ .പ്ര അഞ്ചാം അദ്ധ്യായത്തിൽ അനന്യാസ് വ്യാജം കാണിച്ചപ്പോൾ പത്രോസ് ശാസിക്കുമ്പോൾ മൂന്നാം വാക്യത്തിൽ “പരിശുദ്ധാത്മാവിനോട് “എന്ന് പറയുന്നു .എന്നാൽ നാലാം വാക്യത്തിൽ “ദൈവത്തോട് ” എന്ന് പറയുന്നു .പരിശുദ്ധാത്മാവ് ദൈവമായതുകൊണ്ടാണ് പത്രോസ് അങ്ങനെ പറഞ്ഞത് .
അ. പ്ര 5: 3 അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.( 5:4 )

പിതാവ് ,പുത്രൻ ,ആത്മാവ് എന്നീ മൂന്ന് വ്യക്തികളെയും ബൈബിളിൽ വ്യക്തമായി കാണുന്നു .ഏകത്വത്തിൽ ത്രിത്വം , ത്രിത്വത്തിൽ ഏകത്വം അന്ന് പറയാം .
മൂന്ന് വ്യക്തികളും ദൈവമാണ്.
പിതാവ് ദൈവം (ഫിലി 1:2 ).
പുത്രൻ ദൈവം (തീത്തോസ് 1:12)
ആത്മാവ് ദൈവം (അ. പ്ര 5:3.4 )
ദൈവം ഏകനാണ് .ഏക ദൈവത്തിൽ മൂന്ന് വ്യക്തികൾ ഉണ്ട് .

*ശിഷ്യന്മാരുടെ* *വേദനയും* *പരിശുദ്ധാത്മാവും*

യോഹ 13: 33 ൽ “കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.” എന്ന പ്രസ്താവന ശിഷ്യന്മാരെ വേദനിപ്പിച്ചു .മൂന്നര വർഷം തങ്ങളോടൊപ്പം ഉണ്ടായിരുന്ന അവരുടെ ഗുരു അവരെ വിട്ട് പിതാവിൻ്റെ അടുക്കലേക്ക് മടങ്ങുന്നുവെന്ന അറിവ് അവരുടെ ഹൃദയത്തെ കലക്കി കളഞ്ഞു .ഇത് മനസിലാക്കിയ കർത്താവ് പതിനാലാം അദ്ധ്യായത്തിൽ അവരെ ആശ്വസിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്നു .ഗുരു പോയാൽ പിന്നീട് അവരെ ആര് നയിക്കും ,ആര് ആശ്വസിപ്പിക്കും എന്നിത്യാദി ആശങ്കകൾ അവർക്ക് ഉണ്ടായി.

അതിന് മറുപടിയായിട്ടാണ് , യേശു യോഹന്നാൻ 14: 16 ൽ “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” എന്നുപറഞ്ഞത് .
യേശു ഒരു വ്യക്തി ആയിട്ടാണ് അവരെ നയിച്ചത് യേശു പോകുമ്പോൾ മറ്റൊരാളെ പിതാവിൽ നിന്ന് അവർക്ക് ലഭിക്കും എന്നാണ് പറഞ്ഞത് .”മറ്റൊരു കാര്യസ്ഥൻ ” എന്നത് ഒരു വ്യക്തിയാണ് .

*രണ്ട് കാര്യസ്ഥന്മാർ .*

നമുക്ക് ഭൂമിയിൽകാര്യസ്തനായിപരിശുദ്ധാത്മാവും ,
സ്വർഗത്തിൽ കാര്യസ്തനായി യേശുവും ഉണ്ടു് .
1 യോഹ. 2:1…. “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. ”
രണ്ടു് വ്യക്തികളാണ് ,തീയും കാറ്റുമല്ല .ഇടക്കിടക്ക് വന്നും പോയും
നിൽക്കുന്ന അതോ വികാരമോ ശക്തിയോ ,അനുഭൂതിയോ
അല്ല പരിശുദ്ധാത്മാവ് :
പരിശുദ്ധാത്മാവിനെ നൽകാമെന്ന് യേശു പറഞ്ഞതും ,
നമുക്ക് ലഭിച്ചതും ,എന്നേക്കും നമ്മോടൊപ്പം വസിക്കേണ്ടതിനാണ് .
പ്രത്യേക സ്ഥലത്ത് ,പ്രത്യേക സമയത്ത് ഒരുമിച്ച് കൂടി വാദ്യമേളങ്ങളുടെ മാസ്മര വലയത്തിൽ ,അതിഭയങ്കര ശബ്ദമുണ്ടാക്കി പരിസരബോധമില്ലാതെ ഉത്മാദിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക അനുഭവം അല്ല .ആത്മ പകർച്ച ഉണ്ടാകുന്ന ഇടങ്ങളിൽ പാട്ടു പാടുന്നതിനെയോ ഉച്ചത്തിൽ ആരാധിക്കുന്നതിനെയോ നാം എതിർക്കുന്നില്ല .
എന്നാൽ അർമാദിക്കുന്നതും ആരാധിക്കുന്നതും ഒന്നല്ല .

*ആളത്വം വ്യക്തമാക്കുന്നു*

യോഹന്നാൻ 16:7 മുതൽ 13 വരെ വാക്യങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ആളത്വത്തെക്കുറിച്ച് വ്യക്തത നൽകുന്നു . ” എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.”
ഏഴാം വാക്യത്തിൽ കാര്യസ്ഥൻ എന്നും അവൻ എന്നും ,എട്ടാം വാക്യത്തിൽ അവൻ എന്നും ,പതിമൂന്നാം വാക്യത്തിൽ അവൻ എന്നുമാണ് ആത്മാവിനെക്കുറിച്ച് പറയുന്നത് .വെറും ഒരു ശക്തിയെക്കുറിച്ചല്ല ,ഒരു വ്യക്തിയെക്കുറിച്ചാണ് ഇവിടെ പറയുന്നത് .

*ഒരു വ്യക്തിക്കു* *വേണ്ടതായ* **ഗുണഗണങ്ങൾ*
*ഉണ്ട് .*

പിതാവിനോടും പുത്രനോടും സമനും നിത്യനും വ്യക്തിയുമായ പരിശുദ്ധാത്മാവിന് ഒരു വ്യക്തിക്കു വേണ്ടതായ ഗുണഗണങ്ങൾ
ഉണ്ട് .
മത്തായി 12:31 … പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്നതിനെക്കുറിച്ച് പറയുന്നു .
അ. പ്ര 5:3.. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചവരെ ചൂണ്ടി കാണിക്കുന്നു
അ .പ്ര 5: 9 … പരിശുദ്ധാത്മാവിനെ പരീക്ഷിച്ചതിനെതിരെ പത്രോസ് പറയുന്നു .
എബ്രായർ 10:29… പരിശുദ്ധാത്മാവിനെ നിന്ദിക്കരുതെന്ന് താക്കീത് നൽകുന്നു .
2 കൊരി 13:14 .. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മ അനുഭവിക്കാം
അ. പ്ര 9:31 .. പരിശുദ്ധാത്മാവ് പ്രബോധിപ്പിക്കുന്നു
എഫേ 3:16 … പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നു .
ലുക്കോസ് 12:12 … പരിശുദ്ധാത്മാവു പഠിപ്പിക്കുന്നു
യോഹ 14:26 ……… പരിശുദ്ധാത്മാവു ഉപദേശിക്കുന്നു
1 കൊരി 12:13 ……..പരിശുദ്ധാത്മാവു ഉപദേശിക്കുന്നു
എഫ 4:30 … പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കരുത് ‘
അ .പ്ര 7:51. .പരിശുദ്ധാത്മാവിനോടു മറുത്തു നിൽക്കരുത് .
അ .പ്ര 13:2 …പരിശുദ്ധാത്മാവു സംസാരിക്കുന്നു .
ഈ വാക്യങ്ങൾ എല്ലാം പരിശുദ്ധാത്മാവിൻ്റെ ആളത്വത്തെ വ്യക്തമാക്കുന്നു .

പരിശുദ്ധാത്മാവിൻ്റെ ആളത്വം മനസിലാക്കുന്നവർക്കു മാത്രമേ എന്നും എപ്പോഴും കൂടെയുള്ള ആത്മാവിൻ്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയൂ .ഒരാൾ കൂടെയുണ്ടെന്നുള്ള തിരിച്ചറിവ് ,ധൈര്യം നൽകുകയും പാപം ചെയ്യാതെ ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു .ആത്മാവിനെ അറിയേണ്ട പോലെ
അറിയുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .

Sharjah city AG

Comments are closed.