ഡൽഹി : നിരന്തരമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്ഥാന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡ്യൂറണ്ട് ലൈനിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ഇസ്‌ലാമാബാദിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. പാകിസ്ഥാന്റെ “ഇരവാദം” കണ്ട് ആരും ഇനി വഞ്ചിതരാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പരിഹസിച്ചു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ, സ്വന്തം തെറ്റുകൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ ശീലമായി മാറിയെന്ന് പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ ആരോപണങ്ങൾ അന്താരാഷ്ട്ര സമൂഹം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തിൽ കടുത്ത വാക്പോരിനാണ് ഈ ആഴ്ച സാക്ഷ്യം വഹിക്കുന്നത്.

Comments are closed.