ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് സമിതി റിപ്പോർട്ട് നൽകിയത്. സുതാര്യത ഉറപ്പ് വരുത്താനും വികസനത്തിനും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ സാധിക്കുമെന്നും 2029ൽ ഇത് പ്രാവർത്തികമാകുമെന്നും രാംനാഥ് കോവിന്ദ് സമിതി ശുപാർശ ചെയ്തു. എട്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ 18,626 പേജുകളുണ്ട്. ലോക്‌സഭ, നിയമസഭ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു.
