സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവർണം തെളിയും, താജ്മഹലിൽ ഒഴികെ
താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്
ഡൽഹി : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയും. 150 ചരിത്ര സ്മാരകങ്ങളാണ് അന്നേ ദിവസം ത്രിവർണശോഭയിൽ വർണാഭമാകുക. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്. രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന് സുപ്രിംകോടതി നിർദേശമുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം താജ്മഹലിനെ മാത്രം ഒഴിവാക്കിയത്. എന്തുകൊണ്ടാണ് സുപ്രിംകോടതി ഇത്തരമൊരു ഉത്തരവിറക്കിയത് ? അതിന് പിന്നിൽ ഒരു സംഭവമുണ്ട്. 1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയിരുന്നു. തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.
