മിഷ്ണറീസ് ഓഫ് ചാരിറ്റീസിന് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണം: കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്
ഭുവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതിനിടെ സന്യാസ സമൂഹത്തിന് ശക്തമായ പിന്തുണയുമായി ഒഡീഷ സര്‍ക്കാര്‍. വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് സഹായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ ‘പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ട് ചെയ്തു.
