Ultimate magazine theme for WordPress.

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു.

തിരുവല്ല ∙ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ഇന്നു പുലർച്ച 2.40 ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. കബറടക്കം പിന്നീട്.

പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയതും മെത്രാപ്പൊലീത്തയാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തി.പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ ആർദ്ര മനസ്സിന്റെ ഉദാഹരണമാണ്.

ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2007 ഒക്ടോബർ 2ന് ആണ് ഡോ. ജോസഫ് മാർ ഐറേനിയസ് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. ‌സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പൊലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു.

.

പാലക്കുന്നത്തു കടോൺ തോമസ് പി. ലൂക്കോസ്, കറ്റാനം കാര്യാടിയിൽ മറിയാമ്മ, വെൺമണി കീരിക്കാട്ട് സരോ രാജൻ എന്നിവരാണ് സഹോദരങ്ങൾ

Leave A Reply

Your email address will not be published.