കനത്ത ചൂടിൽ ഉത്തരേന്ത്യ; സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനൊരുങ്ങി പഞ്ചാബും ബംഗാളും.
ഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് മെയ് 14 മുതൽ വേനലവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇക്കാര്യം പരിശോധിക്കുന്നത് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഉയർന്ന താപനില ശരാശരിക്കും മുകളിലാണ്.
ഈ മാസം ഇത് വരെ 3 ഉഷ്ണ തരംഗങ്ങളാണ് ഡൽഹിയിൽ രൂപം കൊണ്ടത്. അതീവ ഗുരുതര വിഭാഗത്തിൽ പെടുന്ന ഉഷ്ണ താരംഗങ്ങളാണ് ഇവ മൂന്നും. ശരാശരി ഉയർന്ന താപനിലയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമ്പോഴാണ് അതീവ ഗുരുതര ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇന്നും നാളെയും ഡൽഹിയിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അതിനു ശേഷം ചൂടിന് നേരിയ കുറവ് ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നുണ്ട്.
