ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ പൗരത്വ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9 ന് വാദം കേള്‍ക്കും എന്നും സുപ്രീം കോടതി അറിയിച്ചു. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ഏപ്രില്‍ 8 വരെ മൂന്നാഴ്ചത്തെ സമയവും കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കി. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് 237 ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസിന്റെ ജയറാം രമേശും തൃണമൂലിന്റെ മഹുവ മൊയ്ത്രയും ആണ് പൗരത്വ നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
വിവേചനപരവും മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച് സിഎഎ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതിന്റെ വെല്ലുവിളികള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ എതിര്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ ഉത്തരവിടണം എന്നായിരുന്നു ആവശ്യം. പൗരത്വ നിയമം നടപ്പാക്കില്ല എന്ന് കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളം നിലപാടെടുത്തിട്ടുണ്ട്. അതേസമയം സിഎഎ ഭരണഘടനാവിരുദ്ധമല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൗരത്വം തേടാന്‍ സഹായിക്കുന്നതാണ് പ്രസ്തുത നിയമം.
