നൈജീരിയൻ പ്രതിഷേധം വ്യാപകമാകുന്നു
അബൂജ : നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക പ്രതിഷേധം. നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അമ്പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രസിഡന്റിനെതിരെയാണ് പ്രതിക്ഷേധം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോ, ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവെൻഷൻ അബുജയിൽ നടക്കുകയാണ്. ലോകത്തെ നടുക്കിയ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞിട്ടും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രസിഡന്‍റിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മയും അക്രമികള്‍ക്ക് ധൈര്യം പകരുന്ന പ്രസിഡന്‍റിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍മാര്‍ നിരവധി തവണ രംഗത്തു വന്നിരിന്നു. ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയ.
