സഹനങ്ങളില്ലാത്ത സ്വപ്നലോകം കാണുന്നവരാണ് സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഇന്നത്തെ തലമുറ : മാർ റാഫേൽ തട്ടിൽ
നടവയൽ : ഇന്നത്തെ തലമുറ സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന, സ്വിച്ചിൽ ജീവിക്കുന്ന മക്കളായിത്തീരുന്ന സാഹചര്യമാണെന്നും സഹനങ്ങളില്ലാത്ത, കഷ്ടപ്പാടുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്നവരാണെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്കിടെ വചനസന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. സഹനമില്ലാത്ത ഒരു സ്വപ്ന ലോകത്തെ പ്രതീക്ഷിക്കുന്ന ലോകത്തിലാണ് ഞാനും നിങ്ങളുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മലയോര ജനത അഭിമുഖീകരിക്കുന്ന കടുത്ത വന്യമൃഗ പ്രശ്നവും സന്ദേശത്തില്‍ പ്രമേയമായി. മനുഷ്യനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്കു നൽകുന്ന കാലഘട്ടത്തിലാണു ജനങ്ങൾ ജീവിക്കുന്നതെന്ന തോന്നലാണ് നിലവിലുള്ളത്. മനുഷ്യനു പ്രാധാന്യം ഇല്ലേ എന്നു ചോദിക്കേണ്ട അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഈ ആഴ്ച്ചയിൽ സഭ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുമെന്നും അവരുടെ വേദന ഏറ്റെടുക്കുമെന്നും സഭ അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കണം. കുടിയേറ്റക്കാരുടെ കണ്ണീർ വീണ രണ്ടു ജില്ലകളാണ് ഇടുക്കിയും വയനാടും. കുടിയേറ്റക്കാർ കള്ളൻമാരല്ല. ഈ നാട്ടിൽ പൊന്നുവിളയിച്ചവരാണ്. കുടിയേറ്റക്കാർ മലയോര നാടിനും ദേശത്തിനും ചെയ്ത സംഭാവനകൾ മറക്കാൻ പാടില്ലാത്തതാണ്. മലയോര കർഷക ജനതയുടെ എല്ലാവിധ ആവശ്യങ്ങൾക്കും സർക്കാരുകൾ ഇടപെടണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
