Ultimate magazine theme for WordPress.

നാസയുടെ ക്രൂ-7 ദൗത്യം വിജയം; നാലംഗ സംഘം ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്‌ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാലംഗ സംഘത്തെ എത്തിച്ച് നാസ. നാല് ബഹിരാകാശ യാത്രികരുടെ പുതിയ ഗ്രൂപ്പായ സ്‌പേസ് എക്‌സ് ക്രൂ-7 ആണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാസയുടെ ആ സംഘം ഇനിയുള്ള ആറ് മാസങ്ങൾ ബഹിരാകാശത്ത് ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കും. നാല് രാജ്യങ്ങളെയും ബഹിരാകാശ ഏജൻസികളെയും പ്രതിനിധീകരിക്കുന്ന ബഹിരാകാശ യാത്രികരാണ് സ്‌പേസ് സ്റ്റേഷനിൽ സുരക്ഷിതരായി എത്തിയിട്ടുള്ളത്.

നാസ ബഹിരാകാശ സഞ്ചാരി ജാസ്മിൻ മൊഗ്‌ബെലി, യൂറോപ്പിലെ ആൻ്ഡ്രിയാസ് മൊഗൻസെൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിൽ നിന്നും കോൺസ്റ്റാന്റിൻ ബോറിസോവ എന്നിവരാണ് 30 മണിക്കൂർ യാത്ര വിജയകരമായി പൂർത്തിയാക്കി അന്താരാഷ്‌ട്രനിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവർ ആലിംഗനം ചെയ്താണ് ഇവരെ സ്വീകരിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എ-യിൽ നിന്നും ഓഗസ്റ്റ് 26-നാണ് സ്‌പേസ് എക്‌സ് ക്രൂ7 വിക്ഷേപിച്ചത്.

യുഎസ്, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ,എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ സംഘത്തിലുള്ളത്. നിലവിൽ ക്രൂ-6 സംഘത്തിലേതുൾപ്പെടെ 11 അംഗങ്ങളാണ് ഇവിടെയുള്ളത്. ക്രൂ-7 അംഗങ്ങളുടെ ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിൽ നാസ ലക്ഷ്യം വെയ്‌ക്കുന്നത് 200 ശാസ്ത്ര പരീക്ഷണങ്ങളും സാങ്കേതിക പ്രദർശനങ്ങളുമാണ്. ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് നിന്നുള്ള സൂക്ഷ്മജീവ സാമ്പിളുകളുടെ ശേഖരണം, വിവിധ ബഹിരാകാശ യാത്രാ കാലയളവുകളോടുള്ള മനുഷ്യന്റെ പ്രതികരണത്തെക്കുറിച്ചുള്ള ആദ്യ പഠനം, ബഹിരാകാശയാത്രികരുടെ ഉറക്കത്തിന്റെ ശാരീരിക വശങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവ പുതിയ സംഘം നടത്തുന്ന പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇത് വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Leave A Reply

Your email address will not be published.