ഇറാൻ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ തെരഞ്ഞെടുത്തു. ഇറാനിലെ 88 അംഗ വിദഗ്ധ സമിതിയാണ് ടെഹ്റാൻ സമയം അർധരാത്രിയോടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 56 കാരനായ മുജ്തബ ഖമേനി ഇറാന്റെ ഭരണഘടനയനുസരിച്ച് ഇനിമുതൽ രാജ്യത്തിന്റെ പൊതുനയങ്ങളും സൈനിക മേൽനോട്ടവും ഉൾപ്പെടെയുള്ള പരമാധികാരങ്ങൾ കൈയാളും.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിർപ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് ഈ നിയമനം നടന്നിരിക്കുന്നത്. മുജ്തബയെ നേതാവായി അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇറാനിലെ പുതിയ നേതൃത്വത്തെ ലക്ഷ്യം വെക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് പണ്ഡിത സഭ ഈ തീരുമാനമെടുത്തത് എന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

Comments are closed.