മെക്സിക്കോ : ആകാശം കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുന്നു, തെരുവുകളിൽ കത്തിയമരുന്ന വാഹനങ്ങൾ. ലോകം ഏറ്റവും കൂടുതൽ തിരഞ്ഞിരുന്ന മയക്കുമരുന്ന് രാജാവ് ‘എൽ മെഞ്ചോ’ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടതോടെ മെക്സിക്കോ ഒരു യുദ്ധക്കളമായി മാറി. ഹാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ ഈ ക്രൂരനായ തലവനെ പിടികൂടാൻ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ സൈന്യം നടത്തിയ നീക്കം വിജയിച്ചെങ്കിലും, അതിന്റെ പ്രത്യാഘാതം രാജ്യത്തെ പിടിച്ചുലയ്ക്കുകയാണ്.
തങ്ങളുടെ നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ കാർട്ടൽ അംഗങ്ങൾ 20 സംസ്ഥാനങ്ങളിലായി 250-ലധികം റോഡ് ബ്ലോക്കുകൾ തീർത്തു. സ്കൂളുകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യൻ എംബസിയടക്കം തങ്ങളുടെ പൗരന്മാരോട് വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകി. സൈന്യവും ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള വെടിയൊച്ചകൾ നിലയ്ക്കാത്ത മെക്സിക്കോയിൽ, ഭീതിയുടെ നിഴലിലാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. ഈ നരനായാട്ട് എവിടെ ചെന്ന് അവസാനിക്കുമെന്ന് ആർക്കും അറിയില്ല.

Comments are closed.