ഏതെങ്കിലും ഒരു വാക്യം എടുക്കും. പിന്നെ അങ്ങോട്ട് കലാപരിപാടി ആരംഭിക്കുകയായി…… വീണ്ടും ജനിച്ച ദൈവ മക്കൾക്കുളള സന്ദേശം ആണ് എന്നോർക്കണം.
നിനക്കെതിരെ വാദിക്കുന്ന വാദങ്ങൾ, നാളുകളായി നിന്നെ മുന്നോട്ട് വിടാതെ പുറകോട്ട് വലിക്കുന്ന ദുഷ്ട്ട ശക്തികൾ…. നിനക്കെതിരെ, നിന്റെ ഭവനത്തിനു നേരെ,നിന്റെ തലമുറയ്ക്കു നേരെ അവകാശ വാദം ഉന്നയിക്കുന്ന ശത്രുവിനെ കൈയടിച്ച് നീ ഈ സന്ദേശം സ്വീകരിക്കുമ്പോൾ ദൈവം പൊളിക്കാൻ പോകുകയാണ്. …
നന്മ കാണില്ലെന്നും, കര കയറ്റുകയില്ല എന്നും പറഞ്ഞ് നിന്റെ ജീവിതത്തിൽ വ്യപരിക്കുന്ന ചില ഇരുട്ടിന്റെ ശക്തികൾ ഉണ്ട്. ഇന്ന് രാത്രി ശബ്ദം ഉയർത്തി കരങ്ങൾ തട്ടി ആരാധിക്കുമ്പോൾ അത് അഴിയുകയാണ്…..
എത്ര പരിശ്രമിച്ചിട്ടും ഒന്നിലും ആഗ്രഹിക്കുന്ന പോലെ വിജയം കാണാൻ കഴിയാത്ത മേഖലകളെ ദൈവം തൊടുന്ന രാത്രി ആണ് .നീ പറയും നിന്നെ കൊണ്ട് കഴിയില്ല ,പക്ഷേ ദൈവം നിന്റെ കൂടെ ഇരുന്ന് നൽവഴികളെ തുറക്കുകയാണ്….
നിനക്ക് അർഹതപ്പെട്ടത് ശത്രു എന്റെ എന്ന് പറഞ്ഞ് പിടിച്ച് വെച്ചിട്ടുണ്ടെങ്കിൽ അതിനെ ഇന്ന് ദൈവം നിന്റെ കൈയ്യിൽ തരാൻ പോകുകയാണ്. ചില വിഷയത്തിന്റ്റെ വിടുതൽ യോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നിന്റെ കണ്ണ് കൊണ്ട് നീ കാണാൻ പോകുകയാണ്….. കുഞ്ഞുങ്ങളുടെ ഭാവിയെ തടസ്സം ചെയ്ത് ബന്ധിച്ച് വെച്ചിരിക്കുന്ന ചില അദൃശ്യമണ്ഡലങ്ങളിൽ മേൽ ഇന്ന് രാത്രി ദൈവം ജയം തരികയാണ് ഏറ്റെടുത്താട്ടേ. ….
നീ ബന്ധു വീട്ടിൽ ഒറ്റപ്പെട്ടോ… നീ അപമാനിത ആയോ… നിന്നെ എല്ലാവരും മാറ്റി നിർത്തിയോ ദൈവം നിന്നെ മാനിക്കാൻ പോകുകയാണ്. സഹോദരങ്ങളുടെ മുമ്പിൽ ജോസഫിനെ മാനിച്ച ദൈവം നിന്നെ മാനിക്കാൻ പോകുന്നു സഹോദരി…. ..നീ ഭാരപ്പെടേണ്ട .. ഞാൻ നിന്നെ കരത്തിൽ പിടിച്ചിരിക്കുന്നു..
ആരോടും പറയാൻ കഴിയാത്ത ഭാരവുമായാണോ നീ വന്നത് ആ ഭാരം ദൈവം ഇന്ന് മാറ്റും.. നിന്റ ശാരീരിക മണ്ഡലത്തോട്. ഭൗതീക മണ്ഡലത്തോട് മാറി മാറി പലപ്പൊഴായി പോരിട്ട് പോരാട്ടം ഇട്ട് ,തകർക്കും, നശിപ്പിക്കും എന്നൊക്കെ പറഞ്ഞ് നടക്കുന്ന ചില അന്യായ ശക്തികൾ ഇപ്പോൾ തകരുന്നു….
ഇവിടെ ഇരിക്കുന്ന ആരോടൊക്കെയോ ദൈവാത്മാവ് സംസാരിക്കുന്നു..( ശുദ്ധ ഭോഷ്ക്ക് ആണ് പറയുന്നത്). ദൈവാതാമാവ് ആണ് എങ്കിൽ അറിയാം ആരോടാണ് സംസാരിക്കുന്നത് എന്ന്…
ഇങ്ങനെ പോകുന്നു സന്ദേശം … 365 ദിവസം യോഗം വച്ചാലും മേൽ പറയപ്പെട്ടവ ആണ് ബഹുഭൂരിപക്ഷം ആളുകളും പറഞ്ഞ് കൊണ്ടിരുന്നത്. മേൽ പറയപ്പെട്ടവ എന്നും ഉള്ളത് കൊണ്ടാണല്ലോ എന്നും ഈ പല്ലവി Active voice lum Passive voicilu പറയുന്നതു. സാത്താന്റെ നമ്പർ വൺ തന്ത്രങ്ങളാണ് ഇവയൊക്കെ .ഒന്നുകിൽ പറയുന്നവന് ബോധം വേണം അല്ലെങ്കിൽ കേൾക്കുന്നവനു ബോധം വേണം.
യേശു ക്രിസ്തുവാകുന്ന സഭയാം ശരീരത്തിന്റ അംഗങ്ങൾക്ക് ഇപ്പോഴത്തെ അഭിനവ കലാകാരന്മാർ കൊടുക്കുന്ന സന്ദേശം ആണ് മേൽ പറയപ്പെട്ടവ. കഷ്ടം എന്നല്ലാതെ എന്ത്.
പുതിയ നിയമ ഉപദേശങ്ങൾ, ലേഖനങ്ങൾ ഇവയൊക്കെ ആണ് ക്രമീകൃതമായി പ്രസംഗിക്കപ്പെടേണ്ടത്
അമിത പ്രധാന്യം കൊടുത്ത് സഭയിൽ പറയേണ്ടുന്നതും അപ്പോസ്തോലിക പഠിപ്പിക്കലുകളാണ് .അതിൽ രക്ഷ, വിശ്വാസം, പ്രത്യാശ, പ്രായോഗിക ക്രിസ്തീയ ജീവിതം ,ലോകം, ജഡം പിശാച് ഇവയെ എങ്ങനെ തോൽപ്പിക്കാം .എത്രയോ വേദ ശാസ്ത്ര പരമായ മഹത്തായ സത്യങ്ങൾ.. ദൈവ ശാസ്ത്ര സംബന്ധമായ സത്യങ്ങൾ.
ബന്ധനമോ, പോരോ ഉണ്ടെങ്കിൽ അതിന്റെ കാരണം കണ്ടു പിടിച്ച് വചന പ്രകാരമുള്ള ചികിൽസാ വിധി പറയണം അല്ലാതെ പ്രസംഗിക്കുന്ന പുളളി പറയുമ്പോൾ കൈയടിച്ചാൽ പോകുന്നതല്ല. പോകാത്തതുകൊണ്ടാണ് മുപ്പത് ദിവസവും ഒരേ കാര്യം പറഞ്ഞ് ഒരേ കേൾവിക്കാരുടെ വൈകാരിക തലത്തെ ചൂക്ഷണം ചെയ്യുന്നത്.
എവിടെ നോക്കിയാലും ആത്മീയ സന്ദേശം എന്നതിന്റെ പേരിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം മുഴുവനും, സാത്താന്റെ ചന്തയിലെ ആകർഷണീയമായ ചരക്കുകളാണ്. അത് ആത്മാവിന്റെ പേരിലും, യേശുവിന്റെ പേരിലും ഉപഭോക്താക്കളുടെ അടിയന്തര ഇഹ ലോക അഭിരുചി അനുസരിച്ച് ആത്മീയ പരിവേഷം കൊടുത്ത് വിശാലമായി വിതരണം ചെയ്യുന്നു.
ശരിയായ വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവ പൈതൽ , അവന്റെ അപ്പൻ ആരാണെന്ന് തിരിച്ചറിയും. എന്തെല്ലാം കാര്യങ്ങൾ ഈ ലോക യാത്രയിൽ ആവശ്യമുണ്ടോ അതെല്ലാം ദൈവം അതതിന്റെ സമയത്ത് നടത്തി തരും എന്നതാണ് വസ്തുത. അത്തരം ഭൗതീക കാര്യങ്ങൾ കിട്ടാൻ പോകുന്നു എന്ന് ഒരാൾ പറയുമ്പോൾ കിട്ടുന്നതോ പോകുന്നതോ അല്ല. ദൈവത്തിന്റെ പദ്ധതി എന്താണോ,ആവിധം ആണ് കാര്യങ്ങൾ നയിക്കപ്പെടുക. അങ്ങനെ ഇരിക്കെ എന്തിനാണ് ഈ അഭിനവ ലൗകീക ദാസന്മാർ ലൗകീക വിഷയങ്ങളെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുളള ക്യാപ്ഷൻ കൊടുത്ത് പാവം പിടിച്ച ജനങ്ങളെ വഞ്ചിക്കുന്നത്.
ചില ക്യാപ്ഷൻസ്.. നിനക്കൊരു ഭാവി ഉണ്ട്, നന്മയയെ തടയുന്ന ശക്തി മാറാൻ പോകുന്നു. നിന്നെ ഉയർത്തുന്ന ദൈവം ഉണ്ട്. നിന്റെ ശത്രുവിനെ ദൈവം തകർക്കാൻ പോകുന്നു. നിന്നെ മാനിക്കുന്ന ദൈവം ഉണ്ട്. ഭൗതീക തലങ്ങളെ വിശാലമാക്കുന്ന ദൈവം… ect..
ഇങ്ങനെ ദേഹം ദേഹി ഘടകങ്ങളെ ക്യാച്ച് ചെയ്യിക്കുന്ന വിധം ആണ് കാര്യങ്ങളുടെ പോക്ക്…
ഇത് വായിക്കുന്ന സഹോദരങ്ങൾ സ്വയം ചിന്തിച്ച് നോക്ക്…ചില ചിന്തനീയ ചോദ്യങ്ങൾ.
1.നിങ്ങൾ ദൈവത്തിന്റെ മക്കൾ അല്ലേ? ആണ് എങ്കിൽ മക്കൾക്ക് വേണ്ടിയത് അപ്പൻ തരില്ലേ,
2. സാത്താന്റെ ബന്ധനത്തിലും, അധികാരത്തിലും കിടന്നവരായിരുന്ന നിങ്ങളെ യേശു ക്രിസ്തുവിലൂടെ വിടുവിച്ചു. ഇനിം ഏത് ശത്രുവിനെയാണ് തകർക്കാൻ പോകുന്നത്? .സാത്താന്റെ തലയെ കർത്താവ് തകർത്ത കാര്യം നിങ്ങൾ മറന്നോ?.
3.നിങ്ങൾക്ക് നിങ്ങളുടെ പിതാവ് ഏതെങ്കിലും ഒരു കാര്യം തരുന്നത് അപ്പുറത്തെ വീട്ടിലെ മക്കൾ വന്ന് പറഞ്ഞിട്ടാണോ? സ്വർഗ്ഗീയ പിതാവ് ഈ ലോക പിതാവിനെക്കാളും ക്രൂരനാണോ?അതോ മഹാമനസ്കൻ ആണോ?.
4.എന്തുകൊണ്ടാണ് ദൈവം നല്‍കിയ മകൻ എന്ന പദവിയെക്കാളും,ആത്മീയ അനുഗ്രഹങ്ങളെക്കാളും ഇവിടുത്തെ നശ്വര വിഷയങ്ങൾക്ക് വചന ബോദ്ധ്യമില്ലാത്ത ആളുകൾ പറയുമ്പോൾ ആവേശം കൊള്ളുന്നത് .അപ്പോൾ പരിശുദ്ധാത്മാവിനാൽ ആത്മീയ പദവിക്ളുടെ അവർണ്ണനീയമായ മഹത്വത്തെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല എന്നല്ലേ വ്യക്തമാക്കുന്നത്.?
നിങ്ങൾക്കു വേണ്ടുന്നത് സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങക്ക് തരും എന്ന് കർത്താവ് പറഞ്ഞ വാക്കിനെ അവിശ്വസിക്കുന്നതല്ലേ പലതിനും കാരണം. ഫലത്തിൽ ദൈവീക വിഷയങ്ങളിലേക്ക് ജനത്തെ നയിക്കാതെ ലോകൈക സുഖം നുകരാൻ കഴിയും വിധം ബലഹീന വിശ്വാസികളുടെ മാനസ്സീക,വൈകാരിക ബലഹീനതകളെ ചൂക്ഷണം ചെയ്ത് റേറ്റിംഗും അതു വഴി അവസരങ്ങളും സ്വമേധയ സൃഷ്ടിച്ചെടുക്കുമ്പോൾ നിങ്ങളെ ദൈവ ദാസന്മാരെന്ന് വിളിക്കാൻ കഴിയില്ല.
നിത്യതയ്ക്കുവേണ്ടി ജനങ്ങളെ ഒരുക്കുക എന്ന മഹത്തായ പദ്ധതി ഒരു പറ്റം ലോബി വൃന്തങ്ങൾ മാറ്റി വെച്ചിട്ട് ഇവിടെ കൊട്ടാരം പണിത് ആയിരം വർഷങ്ങൾ ജീവിക്കാം എന്ന് തോന്നുന്ന വിധത്തിലാണ് കണ്ട ക്ഷോഭം നടത്തുന്നത്.
ദൈവക്കളും, ദൈവ ദാസന്മാരും ദൈവത്തിന്റെ ആത്യന്തിക പദ്ധതി മനസ്സിലാക്കി പത്ഥ്യ വചനത്തിലേക്കും ദൈവീക ലക്ഷ്യത്തിലേക്കും നയിക്കപ്പെട്ടില്ലെങ്കിൽ, ക്രിസ്തീയ രാജ്യമായിരുന്ന പല രാജ്യങ്ങളും കലാന്തരത്തിൽ കാലയവനിയിലേക്ക് അസ്തമിച്ചു പോയതുപോലെ നമ്മുക്കും അങ്ങനെ സംഭവിച്ചാൽ അതിശയിക്കപ്പെടാനില്ല
Nb. ഇതുപോലെ പറഞ്ഞ് ശുശ്രൂഷ കൊണ്ട് പോകാൻ എന്നെ പോലെ നിരവധി ദൈവ ദാസന്മാർക്ക് അറിയാം, എന്നാല്‍ വചന ബോദ്ധ്യവും, മനസാക്ഷിയും, ന്യായം വിധിക്കുന്ന ദൈവം ഉണ്ടെന്നുള്ള ബോദ്ധ്യവും ശരിയായ വചനം പറയാൻ ഞങ്ങളെ ഉത്സുകരാക്കുന്നു. .
