1924 ൽ മിസ്സ് മേരി വീംസ് ചാപ്പ്മാൻ സ്ഥാപിച്ച മാവേലിക്കര ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് ഒരു നൂറ്റാണ്ട്.
നൂറാം വർഷം ആഘോഷ പദ്ധതികളുടെ ആരംഭമായി സെന്റനറി ലോഗോ സഭാസെക്രട്ടറി സുനിൽ പി വർഗീസ്സ് സഭാ ശുശ്രൂഷൻ പാസ്റ്റർ വി സി ജോർജ്ജ്കുട്ടിയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. നൂറാം വർഷാഘോഷത്തോടനുബന്ധിച്ച് സെന്റിനറി ഹോളിന്റെയും ആരാധനലത്തിന്റെയും നവീകരണം നടന്നു കൊണ്ടിരിക്കുന്നു. അഞ്ഞൂറു പേർക്കിരിക്കാവുന്ന ഓഡിറ്റോറിയമാണ് ക്രമീകരിക്കുന്നത്.
1914 ൽ അമേരിക്കയിൽ ആരംഭിച്ച അസംബ്ലീസ് ഓഫ് ഗോഡ് 252 രാജ്യങ്ങളിൽ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ എ ജി യുടെ ആരംഭം കേരളത്തിൽ ആണെന്നുള്ളത് അഭിമാനം തന്നെയാണ്.
1915 ൽ ആണ് മിസ്സ് മേരി ചാപ്പ്മാൻ ഇന്ത്യയിൽ എത്തുന്നത്. മദ്രാസിൽ താമസിച്ചുകൊണ്ട് തമിഴ് നാട്ടിലും തെക്കൻ തിരുവിതാംകൂറിലും സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. അനുബന്ധമായി ചെറിയ കൂട്ടായ്മകൾ ഉടലെടുത്തു.
1918 ൽ, അധ്യാപകനായിരുന്ന എ ജെ ജോണിന്റെ നേതൃത്വത്തിൽ മാവേലിക്കര മറ്റം ഭാഗത്ത് വാണിയം പറമ്പിൽ ഗീവർഗീസിന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ രക്ഷിക്കപ്പെട്ടവർ ചേർന്ന് ആരാധന തുടങ്ങി. അന്ന് അങ്ങനെയുള്ളവരെ “വിയോജിത സംഘം” എന്നാണ് വിളിച്ചിരുന്നത്. അക്കാലത്ത് കുക്കു സായിപ്പിന്റെ പ്രവർത്തനങ്ങളെ കേട്ടറിഞ്ഞ ഇവർ അദ്ദേഹത്തെ 1923 ൽ മവേലിക്കരക്ക് ക്ഷണിച്ചു. കുക്കു സായിപ്പിന്റെ രോഗശാന്തി പ്രസംഗത്തിൽ ശ്രോതാക്കളായ ചില ഡോക്ടർമാർ ബഹളമുണ്ടാക്കുകയും അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തു. ഈ ഉപദ്രവങ്ങളൊന്നും കൂടിവരവിന് തടസ്സമല്ലായിരുന്നു. 1924 നവംബർ 27 മുതൽ 30 വരെ നടന്ന പ്രാർത്ഥനായോഗത്തിൽ വിയോജിത സംഘം പരിദ്ധാത്മശക്തിക്കധീനരയി പെന്തക്കോസ്ത് അനുഭവം പ്രാപിച്ചു. മിസ്സ് മേരി ചാപ്പ് മാൻ, റവ. സ്പെൻസർ മേയ് സായിപ്പ് തുടങ്ങിയവരുടെ വരവോടെ കേരളത്തിലെ പെന്തക്കോസ്ത് പ്രവർത്തനം ആത്മീയ ആവേശമായി മാറി. അതേ വർഷം തന്നെ മേരി ചാപ്പ് മാനും, സ്പെൻസർ സായിപ്പും മാവേലിക്കരയിൽ എത്തി യോഗങ്ങൾ നടത്തി. ആ സമ്മേളനത്തിൽ പാസ്റ്റർ കെ ഇ എബ്രഹാമും പ്രധാന പ്രാസംഗികനായിരുന്നു. ചിലർ സ്നാനപ്പെടുകയും ചെയ്തു. അന്നും പ്രാസംഗികരെ നാട്ടുകാർ ഉപദ്രവിക്കുവാൻ മുതിർന്നു.
സഭാ പ്രവർത്തനങ്ങൾ നോക്കി നടത്തുവാൻ അസംബ്ലീസ് ഓഫ് ഗോഡ് മിഷണറിമാരായ മിസ്സ് മേരി ചാപ്പ് മാനും, സ്പെൻസർ സായിപ്പും ഉണ്ടായിരുന്നു. അവർക്കൊപ്പം എ ജെ ജോൺ സാറും പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ദൈവമക്കളുടെ ആഗ്രഹപ്രകാരം അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രഥമ സഭ 1924 ൽ മാവേലിക്കരയിൽ ആരംഭിച്ചു. ഈ സഭയുടെ പ്രഥമ സഭാശ്രൂഷകനും എ ജെ ജോൺ സാർ തന്നെയായിരുന്നു. അങ്ങനെ പ്രവർത്തനം ഊർജ്ജിതമായപ്പോൾ 1926 ൽ മാവേലിക്കരയിലേയ്ക്ക് മേരി വിംസ് ചാപ്പ്മാൻ താമസം മാറ്റി.
മാവേലിക്കര ഫിലിപ്പ് മെമ്മോറിയൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പണിക്കർ ബംഗ്ലാവിൽ താമസിച്ചുകൊണ്ടാണ് അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രവർത്തനം ശക്തമാക്കിയത്.
കുന്നേൽ ചെറിയാച്ചൻ, വാണിയംപറമ്പിൽ ഗീവർഗീസ്സ് യോഹന്നാൻ, ക്രിസ്റ്റൃൻ പ്രസ്സ് മാനേജർ എ കെ നൈനാൻ, കൊട്ടപ്പുറത്ത് വടക്കതിൽ പി എം വർഗീസ്സ്, തയ്യൽ പുത്തൻ വീട്ടിൽ ഡാനിയേൽ, എന്നിവരും കുടുംബങ്ങളുമാണ് ആദ്യ സഭാ വിശ്വാസികൾ. ഇവരുടെ അഞ്ചാം തലമുറകൾ ഇപ്പോൾ ഇവിടെ അംഗങ്ങളാണ്.
1927 ൽ റവ. ജോൺ എച്ച് ബർജ്ജസ് മാവേലിക്കരയിൽ എത്തുകയും കേരളത്തിലെ ആദ്യകാല ബൈബിൾ സ്കൂൾ ഇവിടെ ആരംഭിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് പുറത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആദ്യ വേദപഠന കേന്ദ്രമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആസ്ഥാനവും പണിക്കർ ബംഗ്ലാവ് തന്നെയായിരുന്നു. 1927 ജൂൺ മാസത്തിലാണ് ആദ്യ ബാച്ച് ആരംഭിച്ചത്. പന്ത്രണ്ട് വിദ്യാർത്ഥികളാണ് ആദ്യ ഗണത്തിൽ ഉണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് മാവേലിക്കരയിൽ നിന്നും ഈ ബൈബിൾ സ്കൂൾ തിരുവനന്തപുരത്തേക്ക് മാറ്റി. തുടർന്ന് 1950 ൽ പുനലൂരിലേക്ക് മാറ്റി സ്ഥാപിച്ചു. അതാണ് ഇന്ന് അറിയപ്പെടുന്ന പുനലൂർ ബഥേൽ ബൈബിൾ കോളേജ്.
1927 നവംബർ 27 ന് ഞായറാഴ്ച രാത്രി 8 മണിക്ക് 70 മത്തെ വയസ്സിൽ മേരി ചാപ്പ് മാൻ എന്ന വനിതാമിഷണറി ഈ ലോകത്തോട് വിടപറഞ്ഞു. നവംബർ 28 ന് മാവേലിക്കര ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കണ്ടിയൂരുള്ള സെമിത്തേരിയിൽ സംസ്‌കരിച്ചു.
ആ കല്ലറയിൽ ഇങ്ങനെ കൊത്തി വെച്ചിരിക്കുന്നു.
“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു.”,
റിപ്പോര്ട്ട്. രാജീവ് ജോൺ പൂഴനാട്
