സിഡ്നി: രാജ്യത്തിന്റെ ബഹുജന കുടിയേറ്റ നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയയിൽ വൻ പ്രക്ഷോഭം. മാർച്ച് ഫോർ ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിൽ ഇന്ത്യക്കാർക്ക് എതിരേ വിദ്വേഷം നിറഞ്ഞ നോട്ടീസുകളും ലഘുലേഖകളും പ്രതിഷേധക്കാർ ഉയർത്തി.
കഴിഞ്ഞ നൂറുവർഷത്തിനിടെ രാജ്യത്ത് എത്തിയ ഗ്രീക്കുകാരേക്കാളും ഇറ്റലിക്കാരേക്കാളും അധികം ഇന്ത്യക്കാർ അഞ്ചുവർഷം കൊണ്ട് ഓസ്ട്രേലിയയിലെത്തി എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. ഓസ്ട്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള കണക്കുകളും അവർ നിരത്തി. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നും അത് 8.5 ലക്ഷത്തിലെത്തിയെന്നുമാണ് പ്രതിഷേധക്കാരുടെ അവകാശവാദം.
രാജ്യത്തിന്റെ കുടിയേറ്റനയം ഓസ്ട്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. നമ്മുടെ രാജ്യത്തെ തിരികെകൊണ്ടുപോകൂ, നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കൂ തുടങ്ങിയ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും ലഘുലേഖകളും സംഘാടകർ പുറത്തിറക്കി.

Comments are closed.