യെരവാൻ:നാഗോര്‍ണോ – കരാബാക്ക് മേഖലയിലെ ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യുന്നതായി റിപ്പോർട്ട് . ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ നിയന്ത്രണം കടുപ്പിച്ചതോടെയാണ് പലായനം. ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും അവര്‍ക്ക് ഇല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രൈസ്തവരെ സഹായിക്കുന്നതിനായി 2011-ൽ ആരംഭിച്ച ക്രിസ്ത്യൻസ് ഇൻ നീഡ് ഫൗണ്ടേഷൻ അറിയിച്ചു .
1988 മുതല്‍ അര്‍മേനിയക്കാര്‍ ആർട്സാഖ് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ – കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രൈസ്തവ വിശ്വാസികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണ അസര്‍ബൈജാന് വലിയ ബലമാണ്. ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരിന്നു. ഇവരാണ് അക്രമ ഭീഷണിയില്‍ പലായനം ചെയ്യുന്നത്.
