Ultimate magazine theme for WordPress.

നൈജീരിയയിലെ രക്തസാക്ഷികൾ

ഡോ. എം ജെ സന്തോഷ്

ശനിയാഴ്ചകളിൽ വേദഭാഗം പഠിച്ചു ഞായറാഴ്ച ആരാധനയ്ക്ക് പ്രസംഗക്കുറിപ്പുകൾ തയ്യാറാക്കുമ്പോൾ യേശുക്രിസ്തുവിന് വേണ്ടി രക്തസാക്ഷികളായ നിഖ്യാപൂർവ്വ സഭാ പിതാക്കന്മാരുടെ പേരുകൾ സഭാ ചരിത്ര പുസ്തകങ്ങളിൽ തേടുന്നവരാണ് നമ്മളിൽ കുറച്ചു പേരെങ്കിലും. എന്നാൽ നമ്മുടെ കൺമുമ്പിൽ മുക്കാൽ നൂറ്റാണ്ട് വരുന്ന സുദീർഘമായ ഒരു കാലയളവിൽ ഒരു ആഫ്രിക്കൻ രാജ്യത്ത് ക്രിസ്ത്യാനികൾ വംശഹത്യയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. സമകാലിക പത്ര റിപ്പോർട്ടുകൾ പറയുന്നത് ഓരോ ദിവസവും ശരാശരി 32 ക്രിസ്ത്യാനികൾ നൈജീരിയ എന്ന ആഫ്രിക്കൻ രാജ്യത്ത് കൊല ചെയ്യപ്പെടുന്നു എന്നതാണ്.വിക്കിപീഡിയയുടെ വാക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും ചിന്ത വിഹ്വ ലമാക്കുന്നതാണ്. അവർ പറയുന്നു.
21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, 110,000 നൈജീരിയൻ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം എന്ന തീവ്രവാദി ഗ്രൂപ്പും, ഫുലാനി ഇടയന്മാരും മറ്റ് ഗ്രൂപ്പുകളും ചേർന്ന് കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളെ ഒരു നിശബ്ദ വംശഹത്യയായി (silent genocide) വിശേഷിപ്പിക്കപ്പെടുന്നു. പറയൂ നമ്മൾ എത്ര പേർ സ്വന്തം വിശ്വാസികളെ ഈ നൈജീരിയൻ ഭീകരതയെക്കുറിച്ച് പറഞ്ഞ മനസ്സിലാക്കിയിട്ടുണ്ട്? എത്രപേർ അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ സ്വന്തം സഭകളോട് ആവശ്യപ്പെട്ടിട്ടുണ്ട്? എല്ലാറ്റിലുമുപരി നാമെത്രപേർ ഇതിനെക്കുറിച്ച് കൃത്യമായ അവബോധം കൈവരിച്ചിട്ടുണ്ട്? അങ്ങനെ ചെയ്യുന്ന പാസ്റ്റർമാർക്കായി ദൈവത്തിനു സ്തുതി.

​നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്, അവിടത്തെക്രിസ്ത്യാനികളിൽ ഏകദേശം മൂന്നിൽ നാല് ഭാഗം പ്രൊട്ടസ്റ്റന്റുകാരും, നാലിൽ ഒരു ഭാഗം റോമൻ കത്തോലിക്കരുമാണ്. രാജ്യത്തിന്റെ വടക്ക് ഭാഗം ഇപ്പോഴും പ്രധാനമായും മുസ്ലീം ഭൂരിപക്ഷമാണ്, എങ്കിലും ക്രിസ്ത്യൻ ന്യൂനപക്ഷം അവിടെയും ഗണ്യമായുണ്ട്.

നൈജീരിയയിലെ “ക്രൈസ്തവ വംശഹത്യ” അല്ലെങ്കിൽ ക്രിസ്ത്യാനികൾക്കെതിരായ ഗുരുതരമായ പീഡനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യം, ചരിത്രപരവും മതപരവും വംശീയവും സാമൂഹിക-സാമ്പത്തികവുമായ പിരിമുറുക്കങ്ങളിൽ വേരൂന്നിയ ഒരു സങ്കീർണ്ണ പ്രതിസന്ധിയാണ്. അതിന്റെ വിശദമായ ഒരു ചർച്ചയിലേക്ക് ഞാനിപ്പോൾ കടക്കുന്നില്ല. 1999 മുതൽ വടക്കൻ, മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരീഅത്ത് നിയമംനടപ്പിലാക്കിയത് വിവേചനത്തിനും സംഘർഷത്തിനും കാരണമായി.
​പ്രധാനമായും മുസ്ലീം ഭൂരിപക്ഷമുള്ള വടക്കും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള തെക്കും തമ്മിലുള്ള ചരിത്രപരമായ വിഭജനം, ഇത് ഭാഗികമായി കൊളോണിയൽ കാലഘട്ടത്തിലെ ഭരണത്തിൽ വേരൂന്നിയതാണ്.
​ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ ഭൂമിക്കും വിഭവങ്ങൾക്കും വേണ്ടി പലപ്പോഴും ഏറ്റുമുട്ടുന്ന മിഡിൽ ബെൽറ്റ് മേഖലയിലെ നിലവിലുള്ള സംഘർഷം.
​പോരാളികളായ ഫുലാനി ഇടയന്മാർ (Militant Fulani Herdsmen) തീവ്രവാദ ഗ്രൂപ്പുകൾക്ക് പുറമെ, മിഡിൽ ബെൽറ്റിലെ പ്രധാനമായും ക്രിസ്ത്യൻ കർഷക സമൂഹങ്ങൾക്കെതിരെ, ഭൂരിഭാഗവും മുസ്ലീങ്ങളായ പോരാളികളായ ഫുലാനി ഇടയന്മാരുമായി ബന്ധപ്പെട്ട അക്രമങ്ങളും കൊലപാതകങ്ങൾക്ക് ഒരു പ്രധാന കാരണമാണ്. ഈ ഏറ്റുമുട്ടലുകൾ പലപ്പോഴും വിഭവ തർക്കങ്ങളായി (ഭൂമി, വെള്ളം, മേച്ചിൽ സ്ഥലങ്ങൾ) കണക്കാക്കുന്നുണ്ടെങ്കിലും, ഉൾപ്പെട്ട ഗ്രൂപ്പുകളുടെ വ്യത്യസ്ത ജനസംഖ്യാ കണക്കുകൾ കാരണം ഇവയ്ക്ക് പലപ്പോഴും ഒരു വംശീയ-മതപരമായ മാനം കൈവരുന്നു.

എന്നാൽ ​ 2009ൽ നടന്ന ബോക്കോ ഹറാം കലാപത്തോടെയാണ് ഈ വംശഹത്യ നിരന്തരവും ശക്തവുമായത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോക്കോ ഹറാം എന്ന ഗ്രൂപ്പും അതിൽ നിന്ന് വേർപിരിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസും (ISWAP) മേഖലയിലുടനീളം ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതക പരമ്പരകൾ ആരംഭിച്ചു.
​ഇവരുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന ക്രിസ്ത്യാനികളെയും മിതവാദികളായ മുസ്ലീങ്ങളെയും ഇവർ ലക്ഷ്യമിടുന്നു. ബോക്കോ ഹറാം കലാപം 2009 ജൂലൈയിൽ, ഇസ്ലാമിക മിലിറ്റൻ്റ്,ജിഹാദി വിമത വിഭാഗമായ ബോക്കോ ഹറാം നൈജീരിയൻ സർക്കാരിനെതിരെ സായുധ പോരാട്ടം ആരംഭിച്ചതിനെ തുടർന്നുണ്ടായ ഒരു സായുധ സംഘർഷമാണ്. മതേതര നൈജീരിയൻ സർക്കാരിനെ അട്ടിമറിച്ച്, ശരീഅത്ത് നിയമത്തിൻ്റെ കർശനമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ഈ ഗ്രൂപ്പ് ശ്രമിക്കുന്നു. “ബോക്കോ ഹറാം” എന്ന വിളിപ്പേര് സാധാരണയായി പരിഭാഷപ്പെടുത്തുന്നത് “പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമാണ്” (Western education is forbidden) അല്ലെങ്കിൽപാശ്ചാത്യവത്കരണം പാപമാണ്” (Westernization is sacrilege) എന്നാണ്. ഗ്രൂപ്പിൻ്റെ ഇഷ്ടപ്പെട്ട പേര് ജമാഅത്ത് അഹ്ല് അൽ-സുന്ന ലി-ൽ-ദഅവ വാ അൽ-ജിഹാദ് (Jamāʿat Ahl al-Sunnah li-l-Daʿawah wa al-Jihād – പ്രചാരണത്തിനും ജിഹാദിനുമായി പ്രവാചകൻ്റെ പഠനങ്ങൾക്ക് പ്രതിജ്ഞാബദ്ധരായ ആളുകൾ) എന്നാണ്. പ്രധാനമായും വടക്കുകിഴക്കൻനൈജീരിയയിലാണ് (പ്രത്യേകിച്ച് ബോർണോ, അഡമാവ, യോബെ സംസ്ഥാനങ്ങളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, ഈ കലാപം ചാഡ് തടാക തടത്തിലെ അയൽരാജ്യ ങ്ങളായ കാമറൂൺ, ചാഡ്, നൈജർ എന്നിവിടങ്ങളിലും ബാധിച്ചിട്ടുണ്ട്.
​ചാവേർ ബോംബാക്രമണങ്ങളും കൂട്ടക്കൊലകളും, സ്കൂളുകൾ, പള്ളികൾ, മസ്ജിദുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ.
​കൂട്ട തട്ടിക്കൊണ്ടുപോകലുകൾ, അതിൽഏറ്റവും ശ്രദ്ധേയം 2014-ൽ ചിബോക്കിൽ നിന്ന് 276 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതാണ്.
​ഇത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമാവുകയും, ഒരു വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.ബോക്കോ ഹറാം പിളർന്നു, അതിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ഒരു പ്രധാനപ്പെട്ടതും പലപ്പോഴും കൂടുതൽ അക്രമാസക്തവുമായ വിഭാഗമായി മാറി.2025-ലെ ആദ്യത്തെ 220 ദിവസങ്ങളിൽ (2025 ജൂലൈ വരെ) നൈജീരിയയിൽ 7,000-ത്തോളം ക്രൈസ്തവർ ഇസ്ളാമിക തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതായാണ് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ കാണുന്നത്.നൈജീരിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് നൽകുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ 145 കത്തോലിക്കാ പുരോഹിതന്മാരെയാണ് ഇസ്ളാമിക ജിഹാദി തീവ്രവാദികൾ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത്. ഇതേ കാലയളവിൽ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350-ഓളം പാസ്റ്റർമാരേയും വിശ്വാസികളേയും ഇവർ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതിൽ കുറേപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.​നൈജീരിയയിൽക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു “ക്രിമിനൽ വ്യാവസായമായി” മാറിയെന്ന് സോകോതോ ബിഷപ്പ് മാത്യു ഹസ്സൻ കുക്ക (Bishop Mathew Kukah ) വാർത്താ ഏജൻസികളോടു പറഞ്ഞു. 2023 ജൂലൈയ്ക്കും 2024 ജൂണിനും ഇടയിൽ തട്ടിക്കൊണ്ടുപോയത് 7,568 പേരെയാണ്. ഇവരെ മോചിപ്പിക്കാൻ 32 മില്യൺ ഡോളർ മോചനദ്രവ്യമാണ് തീവ്രവാദികൾ ആവശ്യപ്പെട്ടത്. ഇതിലും കുറഞ്ഞ തുകയാണ് ജിഹാദികൾക്ക് നൽകിയതെങ്കിലും ഇതിനെ ലാഭകരമായ ഒരു ബിസിനസ്സായിട്ടാണ് അവർ കാണുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ അധികം വൈകാതെ നൈജീരിയയിൽ നിന്ന് ക്രൈസ്തവരെ പൂർണ്ണമായും തുടച്ചുനീക്കാൻ സാധ്യതയുണ്ട്‌. ഈ കൊലപാതക പരമ്പരക്കെതിരെ നൈജീരിയൻ ഗവൺമെന്റിന് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ചെയ്യാൻ കഴിയുന്നത്. നൈജീരിയയിലെ കഷ്ടംഅനുഭവിക്കുന്ന വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു.

Sharjah city AG

Comments are closed.