Ultimate magazine theme for WordPress.

മറുകരയിൽ മനസു തുറക്കാനായി മറിയാമ്മ തമ്പി യാത്രയായി

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും പ്രസിഡണ്ടുമായ പാസ്റ്റർ വി എം തമ്പിയുടെ സഹധർമ്മിണി മറിയാമ്മ തമ്പി നിത്യതയിൽ പ്രവേശിച്ചു. മുംബൈയിൽ ചികിത്സയിൽ ആയിരുന്നു.

മറിയാമ്മ തന്റെ പത്തൊമ്പതാം വയസ്സിലാണ് യേശുവിനെ കണ്ടുമുട്ടുന്നത്. തുടർന്ന് സുവിശേഷവേല ചെയ്യണം, പട്ടിണി കിടക്കണം, കഷ്ടം സഹിക്കണം, ആത്മാക്കളെ നേടണം എന്നുള്ളതായിരുന്നു ഹൃദയത്തിലെ ആഗ്രഹം. എന്നാൽ പത്തൊമ്പത് വയസ്സുകാരിയെ തനിയെ സുവിശേഷവേലയ്ക്ക് അയക്കുവാൻ വൈമനസ്യം ഉള്ളതുകൊണ്ട് സുവിശേഷ വേലക്കാരനുമായി വിവാഹം കഴിപ്പിക്കാനാണ് പിതാവ് താല്പര്യപ്പെട്ടിരുന്നത്. അങ്ങനെ പാസ്റ്റർ വി എം തമ്പിയുമായി മറിയാമ്മയുടെ വിവാഹം നടന്നു. സഭ വിട്ട് അകന്നു ജീവിക്കുന്ന തമ്പി വിവാഹ നാളുകളിൽ തിരികെ സ്വന്തം സമുദായത്തിലേക്ക് മടങ്ങി വരുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. പക്ഷേ സമുദായത്തിനും സംസ്ഥാനത്തിനും പുറത്തുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ രോക്ഷം അടക്കാൻ ആകാത്ത വീട്ടുകാരിൽ നിന്നും കടുത്ത പ്രശ്നങ്ങളും പ്രതിസന്ധികളും ഇരുവരും നേരിടേണ്ടി വന്നു. അടുത്ത ദിവസം തന്നെ ഇരുവരും ആ വീടുവീട്ടിറങ്ങി. പല രാത്രികളും ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിലും പലരുടെയും വീടുകളിലും അന്തിയുറങ്ങി. സുവിശേഷം നിമിത്തം ഭാവി ജീവിതത്തെക്കുറിച്ച് മറിയാമ്മയ്ക്ക് സ്വപ്നങ്ങളും സങ്കല്പങ്ങളും ഒന്നും ഉണ്ടായിരുന്നില്ല.

ക്രിസ്തുവിന് വേണ്ടി ജീവിക്കുക, ക്രിസ്തുവിന് വേണ്ടി അധ്വാനിക്കുക, ക്രിസ്തുവിന് വേണ്ടി നേടുക, ക്രിസ്തുവിന് വേണ്ടി ഓടുക, ക്രിസ്തുവിന് വേണ്ടി എരിഞ്ഞടങ്ങുക, കർത്താവിന്റെ രാജ്യത്തെക്കുറിച്ചുള്ള അത്യാർത്തിക്ക് മുമ്പിൽ കുറച്ച് നേരത്തേക്കുള്ള കഷ്ടമോ സങ്കടമോ പട്ടിണിയോ ഇവ എന്തൊക്കെ നേരിടേണ്ടി വന്നാലും പതറാത്ത ഒരു മനസ്സ് ആ പത്തൊമ്പത് കാരിക്ക് കർത്താവിന്റെ സ്നേഹത്താൽ ലഭിച്ചിരുന്നു.

1983 ൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബൈബിൾ സ്കൂൾ ആരംഭിച്ചു. അതിലൂടെ അനേകം സ്ത്രീകളെ മഹാരാഷ്ട്ര, ഗോവ, വെസ്റ്റ് ബംഗാൾ, കർണാടക, ആന്ധ്ര തുടങ്ങിയ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് ദൈവത്തിന്റെ വേലക്കായ് അയച്ചു. നൂറ്റാണ്ടിൽ മറക്കാനാകാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സിസ്റ്റർ മറിയാമ്മ തമ്പി. ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലും ലോകരാജ്യങ്ങളിലും ജീവനുള്ള ദൈവത്തെക്കുറിച്ച് പ്രസംഗിച്ചു. അനേകം കുടുംബങ്ങളെ ക്രിസ്തുവിനു വേണ്ടി നേടി, നിരവധി ആൾക്കാരെ സ്നാനപ്പെടുത്തുകയും ക്രിസ്തുവിലേക്ക് കൊണ്ടുവരുവാനും കഴിഞ്ഞു. ലോകമെമ്പാടും അനേകം സഭകൾ സ്ഥാപിക്കുകയും സുവിശേഷത്തിന് വേണ്ടി നാളിതുവരെ ചെലവഴിക്കുകയും ചെയ്തു. സുവിശേഷ വേലയ്ക്കായി ഇറങ്ങിത്തിരിച്ച നാൾ മുതൽ ഇന്നുവരെ വിശ്രമമില്ലാതെ സുവിശേഷീകരണത്തിനായി പ്രവർത്തിച്ചിരുന്നു.

Sharjah city AG