കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സഭാ പിആർഒ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. പ്രസംഗത്തിലെ ഒരു ഭാഗം സമൂഹമാധ്യമങ്ങളിൽ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണു വിശദീകരണം.
സീറോമലബാർ സഭയുടെ തനതായ അജപാലനസംവിധാനങ്ങൾ രൂപപ്പെടേണ്ടതിന്റെയും അതിനോടു സഭയിലെ വിശ്വാസികൾ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് 2022ൽ ബംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സഭയുടെ അംഗങ്ങൾ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന ആഹ്വാനമാണ് ആ പ്രസംഗത്തിന്റെ കാതൽ.
പ്രസംഗത്തിൽ ലത്തീൻസഭയെക്കുറിച്ചു തികച്ചും പ്രസംഗശൈലിയിൽ വന്ന പരാമർശം ഒരിക്കലും ആ സഭയോടുള്ള അനാദരവായിരുന്നില്ല എന്നു വ്യക്തമാക്കാനും മേജർ ആർച്ച്ബിഷപ് ആഗ്രഹിക്കുന്നു.
ത്തീൻസഭയുമായും മറ്റു കത്തോലിക്ക, അകത്തോലിക്കാ സഭകളുമായും ബഹുമാനത്തിലും സ്നേഹത്തിലും സഹകരണത്തിലുമുള്ള സഹവർത്തിത്വ മാണ് മാർ തട്ടിലിന്റെ സഭാത്മകസമീപനം.
രണ്ടു വർഷം മുന്പ് തികച്ചും സാന്ദർഭികമായി പ്രസംഗശൈലിയിൽ വന്ന ഒരു പരാമർശം ഇപ്പോൾ വിവാദമാക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നതു വ്യക്തമാണ്.
ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
