കോലാലംപുർ: മലേഷ്യൻ പാസ്റ്റർ റെയ്മണ്ട് കോയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസും ഗവൺമെന്റും കുറ്റക്കാരാണെന്ന് മലേഷ്യൻ ഹൈക്കോടതി. റെയ്മണ്ടിന്റെ ഭാര്യ സുസന്ന ല്യൂ നടത്തിയ ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ചരിത്രപരമായ വിധി വന്നത്. പാസ്റ്ററുടെ കുടുംബത്തിന് ഏകദേശം 300 കോടിയിലധികം ഇന്ത്യൻ രൂപ (35 ദശലക്ഷം റിംഗിറ്റ്) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
2017-ലാണ് റെയ്മണ്ട് കോയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയത്. മതപരമായ കാരണങ്ങളാൽ മലേഷ്യൻ പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ആണ് ഇത് ആസൂത്രണം ചെയ്തതെന്ന് കോടതി കണ്ടെത്തി. കേസ് അട്ടിമറിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും പോലീസ് ശ്രമിച്ചതായും കോടതി കുറ്റപ്പെടുത്തി. ഭർത്താവിന്റെ നീതിക്കായി ലോകമെമ്പാടും സഞ്ചരിച്ച് ജനപിന്തുണ തേടിയ സുസന്നയുടെ പോരാട്ടം ശ്രദ്ധേയമാണ്. റെയ്മണ്ടിനെ കാണാതായ ഓരോ ദിവസത്തിനും 10,000 റിംഗിറ്റ് വീതം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. പണം ലഭിച്ചാലും തന്റെ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെന്ന വേദനയിലാണ് സുസന്നയും കുടുംബവും. മലേഷ്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഈ വിധി വലിയൊരു നാഴികക്കല്ലാണ്.

Comments are closed.