മഹാരാഷ്ട്ര : ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയിൽ മഹാരാഷ്ട്രയിലും മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ചേക്കും. ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ വഞ്ചനയിലൂടെയോ നടത്തുന്ന മതപരിവർത്തനങ്ങൾ തടയുകയാണ് ഈ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം.
മഹാരാഷ്ട്രയിലെ മതപരിവർത്തന വിരുദ്ധ ബിൽ വളരെ കർശനമായിരിക്കുമെന്ന് ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ സമാനമായ നിയമങ്ങളേക്കാൾ കൂടുതൽ ശക്തമായ വ്യവസ്ഥകളാകും ഇതിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുകയാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.