പാസ്റ്റർ പ്രവീൺ പ്രചോദന
എന്റെ അനുഭവങ്ങൾക്കല്ല പ്രാധാന്യം എനിക്കുവേണ്ടി അനുഭവിച്ച ഒരുവനുണ്ട്. ആ കർത്താവാണ് വലിയവൻ.
എളിയവൻ എന്ന സംബോധനയോടെ തുടങ്ങുന്ന സങ്കീർത്തനം. പലവിധ അർത്ഥങ്ങൾ ഈ പദത്തിന് കൊടുക്കാമെങ്കിലും ഏറെ അനുയോജ്യമായി കരുതാവുന്ന ത് ദരിദ്രൻ എന്നതാണ്. ഒന്നുമില്ലാത്തവരെ ആർക്കാണാവശ്യം?. അവർ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരാണ്. എന്നാൽ അങ്ങനെയുള്ളവരെ ആദരിക്കുന്നവൻ ഭാഗ്യവാനാണ്. ഇവിടെ ലോകത്തിന്റെ ദാരിദ്രത്തെക്കുറിച്ചോ, ദരിദ്രരായ വിശ്വാസസമൂഹത്തെയോ അല്ല, ദരിദ്രനായ ഒരു വ്യക്തിയെയും, ആദരിക്കുന്ന മറ്റൊരു വ്യക്തിയെയുമാണ് ദർശിക്കുവാൻ കഴിയുന്നത്.
പാപത്താലും,രോഗത്താലും, ശാപത്താലും ദരിദ്രരാക്കപ്പെട്ട നമ്മെ,പുത്രനായ ക്രിസ്തു ആദരിച്ചു. ഇവിടെ ദൈവം ദരിദ്രനല്ല എന്നാൽ എനിക്കു (മാനവരാശിക്കു)വേണ്ടി എളിയവനാക്കപ്പെടുകയാണ്. സങ്കീർത്തനം 40 അവസാനിക്കുന്നിടത്തു നിന്നും ഈ സങ്കീർത്തനം തുടങ്ങുകയാണ്. “ഞാനോ എളിയവനും ദരിദ്രനും ആകുന്നു.എങ്കിലും കർത്താവ് എന്നെ വിചാരിക്കുന്നു. നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.” അതെ എളിയവനെ ആദരിക്കുക എന്നതിലുപരി എളിയവനാകുക എന്നത് എളുപ്പകരമല്ല. കർത്താവായ യേശു ക്രിസ്തു ആയിതീർന്നു എന്നതാണ് നമുക്ക് ഏറ്റവും ഭാഗ്യം. അതുനിമിത്തം എന്തെല്ലാം അനർത്ഥങ്ങൾ നേരിട്ടാലും ദൈവം മിണ്ടാതിരിക്കില്ല. നമ്മെ ഓർത്തു സഹനങ്ങൾ ഏൽക്കുന്നവനെ ദൈവം ഓർക്കുകയും വിടുവിക്കുകയും ചെയ്യാതിരിക്കുമോ? ഒരിക്കലുമില്ല.
ദൈവത്തിന്റെ പരിപാലനം പരിമിതപ്പെട്ടതല്ല,അതു നിത്യമാണ്.ശത്രുവിനും അവന്റെ ഇഷ്ടങ്ങൾക്കും വിട്ടുകൊടുക്കാതെ ജീവനോടെ കാത്തു പരിപാലിക്കുന്നതാണ് അവിടത്തെ പദ്ധതി. പുത്രനായ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിലൂടെ അതു തെളിയിക്കപ്പെടുകയും ചെയ്തു.
കിടക്കയെല്ലാം മാറ്റിവിരിക്കുന്നു ഈ പ്രയോഗം നമുക്ക് ആശ്വാസമായി തോന്നാം എന്നാൽ സർവ്വവും വെടിഞ്ഞു ഈ ഭൂവിൽ വന്ന യേശു നമുക്ക് ആശ്വാസമായി തോന്നിക്കുകയല്ല, ക്രൂശിൽ തലചായ്ച്ചുകൊണ്ട് (കിടന്നുകൊണ്ട് )ആശ്വാസമായി തീരുകയാണ്. നാം ഇവയൊക്കെ കൈകൊള്ളുന്നവരായിട്ടുമാത്രമല്ല,നാമും എളിയവരെയും,ദരിദ്രരെയും,രോഗികളെയും കരുതുന്നവരാകണം.
നോക്കു, തലചായ്ക്കാൻ ഇടമില്ല എന്നുപറഞ്ഞവൻ, നമുക്കുവേണ്ടി ആരും തലചായ്ക്കാൻ ഇഷ്ടപ്പെടാത്ത ആ ക്രൂശുമരത്തിൽ തലചായ്ക്കുകയാണ്.
” നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.”(2കൊരി 8:9) അതെ, ഇതെല്ലാം നമ്മോടുള്ള തന്റെ കരുണയാണ്.
ദാവീദ് ദൈവത്തോട് പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കു, യഹോവേ കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ ;നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു.
രോഗത്തിന്റെ കാരണം പാപമാണെന്ന നേർചിത്രം. ദൈവത്തോട് ചെയ്തത് ദൈവത്തോടു തന്നെ ഏറ്റുപറയണം. ദാവീദിനു തന്റെ സൗഖ്യത്തേക്കാളും ഒരു മടങ്ങി വരവ് ആവശ്യമാണ് അതിനു ദൈവം കരുണ കാണിച്ചേതീരു എന്ന തീവ്രമായ അപേക്ഷയാണ് ചൂണ്ടികാണിക്കുന്നത്. നമ്മുടെ രക്ഷകനായ കർത്താവിനു ഇതുപോലെ ഏറ്റുപറച്ചിലിന്റെ ആവശ്യക്തയില്ല.കാരണം അവൻ പാപം ചെയ്തിട്ടില്ല, നമുക്കുവേണ്ടി പാപമാക്കപ്പെട്ടവൻ, നമ്മുടെ അകൃത്യം എല്ലാം അവന്റെമേൽ ചുമത്തപ്പെട്ടു. അതുകൊണ്ട് അവൻ നിലവിളിക്കേണ്ടി വന്നു.
പ്രീയരെ, യേശുവിനെ പോലെയാകാം ; യേശു മാത്രമാണ് ഏക മാതൃക
(തുടരും…)

Comments are closed.