Ultimate magazine theme for WordPress.

കോവിഡ് വ്യാപനം: തീവണ്ടി സര്‍വീസുകള്‍ കുറയ്ക്കില്ല; റെയില്‍വെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുവെങ്കിലും തീവണ്ടി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി റെയില്‍വെ. രോഗം പടരുന്ന് തടയാന്‍ വിവിധ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് കേസുകള്‍ വളരെയധികം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍നിന്ന് പോലും തീവണ്ടി സര്‍വീസുകള്‍ നിയന്ത്രിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സബര്‍ബന്‍ തീവണ്ടികള്‍ പോലും നിര്‍ത്തിവെക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് അനുഭവപ്പെടുന്നതിന്റെ കാരണം തീവണ്ടി സര്‍വീസുകള്‍ കുറച്ചതല്ല. ഈ സമയത്ത് പൊതുവെ തിരക്ക് അനുഭവപ്പെടാറുള്ളതാണ്. തീവണ്ടി സര്‍വീസുകളുടെ കുറവ് നിലവില്‍ രാജ്യത്തില്ല. കൂടുതല്‍ തീവണ്ടികള്‍ ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ അനുവദിക്കും. യാത്രക്കാരെ സംബന്ധിച്ചിടത്തോളം തീവണ്ടി സര്‍വീസുകളുടെ അപര്യാപ്തത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ശരാശരി 1,402 പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രതിദിനം നടത്തുന്നുണ്ടെന്ന് റെയില്‍വെ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 5,381 സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും 830 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും നിലവില്‍ നടത്തുന്നുണ്ടെന്നും റെയില്‍വെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റെയില്‍വെ എല്ലാ തീവണ്ടി സര്‍വീസുകളും രാജ്യവ്യാപകമായി നിര്‍ത്തിവച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളടക്കം ആയിരക്കണത്തിന് പേര്‍ ഇതേത്തുടര്‍ന്ന് ദുരിതത്തിലായി. രാജ്യത്തിന് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തുടങ്ങിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയതോടെ തീവണ്ടി സര്‍വീസുകള്‍ വീണ്ടും നിലയ്ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് റെയില്‍വെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

Sharjah city AG