കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷി കുട്ടികളുമായി ആലുവയിലേക്ക് പുറപ്പെടും. അന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ആരംഭിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ് എൻ ജംക്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാം.
