മയക്കുമരുന്ന് കടത്ത് തടയാന്‍ സംയുക്തമായി കേരള-തമിഴ്നാട് പൊലീസ്
ഇടുക്കി : ജില്ലയിലെ യോദ്ധാവ് പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉത്പ്പന്നക്കടത്തിനെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനം. കേരള – തമിഴ്നാട് പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി വിപുലമാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയായി തേക്കടി ആനവച്ചാല്‍ ബാംബൂ ഗ്രോവില്‍ വച്ച് തേനി – ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. ഇരു ജില്ലകളിലെയും എസ്. പി.മാരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. അതിര്‍ത്തിയില്‍ നിന്നും ലഹരി ഉത്പ്പന്നങ്ങളുമായി പിടിയിലാകുന്ന പ്രതികള്‍ പലരും തമിഴ്നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂര്‍, അരശുമരതെരുവ്, വടക്കുപ്പെട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ലഭിച്ചു എന്നാണ് മൊഴി നല്‍കാറുള്ളത്. എന്നാല്‍ ഇതു സംബന്ധിച്ച് തുടര്‍ അന്വേഷണം തമിഴ്നാട്ടില്‍ ഫലപ്രദമായി നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. തേനി, ഇടുക്കി ജില്ലകളിലെ പൊലീസ്, നാര്‍ക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കം ആരംഭിക്കുന്നതോടെ ഇതിന് തടയിടാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് അധികൃതര്‍.
