സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ; തിരുവനന്തപുരം നഗരത്തിൽ 13 പേർക്ക് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പതിമൂന്ന് പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗര പരിധിയിലാണ് രോഗ ബാധ കണ്ടെത്തിയത്. കേരളത്തിൽ ഇത് ആദ്യമായിട്ടാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വൈറസ് ബാധ കണ്ടെത്തിയവരിൽ അധികവും ആരോഗ്യപ്രവർത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ മാത്രമേ പേടിക്കേണ്ടതായിട്ടുള്ളു എന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നതെന്നും ചുവന്ന പാടുകളും പനിയുമാണ് ഈ വൈറസ് ബാധയുടെ രോഗലക്ഷണം എന്നും വിദഗ്ധർ അറിയിച്ചു.
രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ നിർണയിക്കുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ലെന്നും ആരോഗൃവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
