സിസ്റ്റർ അഭയക്കു 28 വർഷങ്ങൾക്കു ശേഷം ഇന്ന് നീതി ……….പ്രതികൾ കുറ്റക്കാർ
കോടതി നാളെ ശിക്ഷവിധിക്കും
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധി. സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിച്ചു.
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായി. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പുലര്‍ച്ചെ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് കോടതിയില്‍ നല്‍കിയ കുറ്റപത്രം. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കൊലക്കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും. കേസിൽ കോടതി ഇന്നു നിർണായക വിധി പറയുമ്പോൾ, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കൾ ഐക്കരക്കുന്നേൽ തോമസും ലീലാമ്മയും അതു കേൾക്കാൻ ജീവിച്ചിരിപ്പില്ല.
