രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് നവംബർ 9 ന് സുപ്രീം കോടതിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ പരമോന്നത കോടതിയായ ഇന്ത്യയുടെ സുപ്രീം കോടതിയിൽ ഒരു ക്രിസ്ത്യൻ ജഡ്ജിയെ നിയമിച്ചതിനെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ പ്രശംസിച്ചു. “ഇത് സ്വാഗതാർഹമായ തീരുമാനമാണ്. പക്ഷപാതരഹിതമായ വിധിന്യായങ്ങൾക്ക് പേരുകേട്ടയാളാണ് ജസ്റ്റിസ് മസിഹ്,” യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ദേശീയ കോർഡിനേറ്റർ എ.സി.മൈക്കൽ പറഞ്ഞു. നീതി തേടുന്ന എല്ലാ ഇന്ത്യക്കാർക്കും തന്റെ നിയമനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഡൽഹി അതിരൂപതയുടെ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ മൈക്കിൾ പറഞ്ഞു. ക്രൈസ്തവനായ ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് ജുഡീഷ്യറിയുടെ ഉയർന്ന തലത്തിൽ നിയമിതനായത് സന്തോഷം നൽകുന്നെന്നും , രാജ്യത്തെ നിയമം മതത്തിന് മുകളിലാണെന്നും സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനായ തോമസ് ഫ്രാങ്ക്ലിൻ സീസർ തന്റെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു
