Ultimate magazine theme for WordPress.

ജുഡീഷ്യൽ പരിഷ്കരണം: പണിമുടക്കി പ്രതിഷേധിച്ച് ഇസ്രയേലി സൈനികർ

ടെൽ അവീവ് :രാജ്യത്തെ ജുഡീഷ്യൽ സംവിധാനങ്ങളെ തകർക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരായ പ്രക്ഷോഭത്തിൽ അണിചേർന്ന് ഇസ്രയേൽ സൈനികർ. ഇസ്രയേൽ ഡിഫെൻസ് ഫോഴ്‌സിലെ (ഐഡിഎഫ്) ‘ബ്രതേഴ്സ് ആൻഡ് സിസ്റ്റേഴ്സ് ഇൻ ആംസ്’ എന്ന സംഘടനയിലെ അംഗങ്ങളായ സൈനികരാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്. ജുഡീഷ്യറിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കാനായാണ് ഈ വർഷമാദ്യം സംഘടന രൂപീകരിച്ചത്. അറുപത്തിനായിരത്തിലധികം അംഗങ്ങളാണ് സംഘടനയിലുള്ളത്.

4,65,000 സൈനികർക്കുള്ള റിസർവ് സൈന്യമാണ് ഐഡിഎഫ്. തീവ്രവലതുപക്ഷ, മതവാദി സഖ്യങ്ങളെ കൂടെനിർത്തി നെതന്യാഹു ഡിസംബറിൽ അധികാരമേറ്റതിന് പിന്നാലെയാണ് കോടതികളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന നീക്കങ്ങൾ നടത്തിത്തുടങ്ങിയത്. അന്നുമുതൽ ഇസ്രയേലിലെ ഐഡിഎഫിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പൈലറ്റുമാരുൾപ്പെടെയുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കില്ല എന്ന ശക്തമായ പ്രതിഷേധമുറയാണ് ബ്രതേഴ്സ് ആൻഡ് സിസ്റ്റേഴ്സ് ഇൻ ആംസ് എന്ന സംഘടന നിലവിൽ സ്വീകരിച്ചിരിക്കുന്നത്. മുൻപ് പലപ്പോഴും പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര ശക്തമായത് ആദ്യമാണ്. കോടതികളുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന പരിഷ്കാരങ്ങളുടെ ആദ്യഘട്ടമായ ‘റീസണബിൾ ക്ലോസ് ബിൽ’ തിങ്കളാഴ്ചയാണ് നെസറ്റ് പാസാക്കിയത്. സർക്കാരിന്റെ “യുക്തിരഹിതമായ” തീരുമാനങ്ങൾ അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരം നീക്കം ചെയ്യുന്നതാണ് നിയമം. ബിൽ പാസാക്കിയതിന് പിന്നാലെ രാജ്യത്തെ ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കാതെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ നിയമസംവിധാനത്തെയും ഭരണഘടനയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും എല്ലാ ദിവസവും തടിച്ചുകൂടുന്നത്.
ഇസ്രയേലിലെ നൂറ്റിയമ്പതോളം ടൗണുകളിലും നഗരങ്ങളിലും കഴിഞ്ഞ ദിവസം പ്രക്ഷോഭം നടന്നിരുന്നു. നെതന്യാഹു അഭിമുഖീകരിക്കുന്ന അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടുകയാണ് ലക്ഷ്യമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെയെല്ലാം നെതന്യാഹു നിരാകരിക്കുന്നു. സർക്കാർ പ്രവർത്തനങ്ങളെ സന്തുലിതമാക്കുന്നതിന് വിവാദ ബിൽ ആവശ്യമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

കോടതികളുടെ കൈകൾ കൂട്ടിക്കെട്ടാനുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി നിരവധി ബില്ലുകൾ പണിപ്പുരയിലാണ്. ഇവ പാസാക്കുന്നതിൽ നിന്ന് തീവ്ര വലതുപക്ഷ സർക്കാരിനെ തടയുകയാണ് പ്രക്ഷോഭങ്ങളിലൂടെ ഇസ്രയേലി പൗരന്മാർ ലക്ഷ്യമിടുന്നത്. സെനറ്റും ഹൈക്കോടതിയും തമ്മിൽ നിലവിലുള്ള സന്തുലിതാവസ്ഥയിൽ മാറ്റം കൊണ്ടുവരിക, സർക്കാർ നടപടികൾക്കെതിരായ ഹർജികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതികളെ തടയുക, സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന പാനലുകളിൽ സർക്കാർ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുക എന്നിവയാണ് നെതന്യാഹു സർക്കാർ പാസാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് നിയമങ്ങൾ.

Sharjah city AG